Site iconSite icon Janayugom Online

ചാലിയാറിലെ തിരച്ചിൽ അവസാനിച്ചു

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് പിന്നാലെ ഇനിയും കണ്ടെത്താനുള്ള ആളുകൾക്കായി ചാലിയാറിൽ നടത്തിയ തിരച്ചിൽ അവസാനിച്ചു. തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങി. തിരച്ചിലിനിടെ ചാലിയാറിൽ ശരീര ഭാ​ഗങ്ങൾ കണ്ടെത്തി. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാ​​ഗങ്ങൾ കണ്ടെത്തിയത്. ചാലിയാറിനോട് ചേർന്ന ഭാഗങ്ങളാണ് ഇത്.

എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറിൽ തിരച്ചില്‍ നടത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. 60 അംഗ സംഘമായിരുന്നു തിരച്ചിലിനുണ്ടായിരുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.

വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തിയത്. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ടായിരുന്നു.

Eng­lish Sum­ma­ry: The search in Chali­yar is over
You may also like this video

Exit mobile version