മ്യാന്‍മറില്‍ സെെനിക അട്ടിമറിക്ക് ശേഷമുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് സൈനിക സർക്കാരും എതിരാളികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം ബാധിച്ച ചില പ്രദേശങ്ങൾ ഉൾപ്പെടെ വോട്ടെടുപ്പ് നടന്നു. സാഗൈയിങ് , മാഗ്‌വേ, മണ്ഡലേ, ബാഗോ, ടാനിന്തരി മേഖലകളുടെ ചില ഭാഗങ്ങളും മോൺ, ഷാൻ, കാച്ചിൻ, കയാ, കയിൻ സംസ്ഥാനങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 100 ടൗൺഷിപ്പുകളിൽ പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഈ പ്രദേശങ്ങളിൽ പലതും സമീപ മാസങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നവയാണ്.
സായുധ സംഘട്ടനങ്ങൾ കാരണം മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ ആകെയുള്ള 330 ടൗൺഷിപ്പുകളിൽ 102 എണ്ണത്തിൽ ഡിസംബർ 28 ന് ആദ്യ റൗണ്ട് നടന്നു. 25 ന് അവസാന റൗണ്ട് നടക്കാനിരിക്കെ, പോരാട്ടം കാരണം 65 ടൗൺഷിപ്പുകളില്‍ വോട്ടെടുപ്പ് ഉണ്ടായിരിക്കില്ല. സൈനിക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വോട്ടെടുപ്പുകള്‍ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും 2021 ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂകിയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷമുള്ള ഭരണം നിയമവിധേയമാക്കാനുള്ള സെെന്യത്തിന്റഎ ശ്രമമാണിതെന്നും വിമര്‍ശകര്‍ പറയുന്നു.
ആദ്യ ഘട്ടത്തിൽ സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി (യുഎസ്ഡിപി) പാർലമെന്റിന്റെ അധോസഭയായ പൈത്തു ഹ്ലുട്ടാവിൽ 90% സീറ്റുകള്‍ നേടി. പ്രാദേശിക നിയമസഭകളിലും യുഎസ്ഡിപിക്കായിരുന്നു മുന്നേറ്റം.

