Site icon Janayugom Online

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യമത്സരം ആധികാരികമായി വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്. പരമ്പര നഷ്ടമാകില്ലെന്നും ഉറപ്പുണ്ട്. അതേസമയം ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ പേസര്‍ നവ്‌ദീപ് സെയ്‌നിയും മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു. മിര്‍പൂരിലെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ വിരലിന് പരിക്കേറ്റ രോഹിത് രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തും എന്നായിരുന്നു പ്രതീക്ഷ. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ തന്നെയായിരിക്കും രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിക്കുക.

മസിലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നവ്‌ദീപ് സെയ്‌നിയുടെ ടെസ്റ്റ് തിരിച്ചുവരവ് വൈകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബ്രിസ്‌ബേനിലായിരുന്നു നവ്‌ദീപ് സെയ്‌നി ഇതിന് മുമ്പ് ടെസ്റ്റ് മത്സരം കളിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും പരാജയപ്പെട്ട നായകന്‍ കെ എല്‍ രാഹുലിന് രോഹിതിന്റെ അഭാവം അവസരമായി മാറി.
അതേസമയം പരിക്കേറ്റ ഷാക്കിബ് അല്‍ ഹസന്‍ ധാക്കയില്‍ ബൗളിങ്ങിനുണ്ടാകുമെന്ന് ബംഗ്ലാദേശ് പേസ് ബൗളിങ് കോച്ച്‌ അലന്‍ ഡൊണാള്‍ഡ് പറഞ്ഞു. ചട്ടോഗ്രാമില്‍ താരം വെറും 12 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. 

രണ്ടാം മത്സരത്തില്‍ ഷാക്കിബ് ബാറ്റ്സ്മാനായി മാത്രം കളിച്ചേക്കുമെന്നാണ് ടീം കോച്ച്‌ റസ്സല്‍ ഡൊമിംഗോ ആദ്യ സൂചന നല്‍കിയത്. അതേസമയം ഷാക്കിബിന് ബാക്കപ്പെന്ന നിലയില്‍ ബംഗ്ലാദേശ്, നസും അഹമ്മദിനെ ടീമിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, സൗരഭ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്. 

Eng­lish Summary:The sec­ond Test against Bangladesh starts today

You may also like this video

Exit mobile version