ജില്ലയിൽ നിന്ന് ഈ അടുത്തിടെയായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ്. എട്ട് മാസത്തിനിടെ സമാനരീതിയിലുള്ള ആറ് കൊലപാതകങ്ങളാണ് ജില്ലയിൽ ഉണ്ടായത്. സഹോദരിയെ കൊന്ന് വീടിന്പിറകിൽ കുഴിച്ചിട്ടതും രണ്ടു നവജാത ശിശുക്കളുടെ അരുംകൊലയുമെല്ലാം ജില്ല കേട്ടത് നടുക്കത്തോടെയാണ്. നാളുകൾക്ക് ശേഷം തെളിയുന്ന കൊലപാതകങ്ങൾ സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ളതും. അതിൽ ചോര കുഞ്ഞ് മുതൽ വയോധിക വരെ ഉൾപ്പെടും. ഏറ്റവും ഒടുവിലായി തെളിഞ്ഞ കൊലപാതക കേസ് അമ്പലപ്പുഴ കരൂരിലെ സംഭവമാണ്. ഓഗസ്റ്റ് 11ന് നവജാത ശിശുവിന്റെ മരണം കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ ഡോണ ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവർ അവിവാഹിതയായിരുന്നു. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവ ശേഷം കാമുകൻ തോമസ് ജോസഫിനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഡോണ കുട്ടിയെ കൈമാറുകയായിരുന്നു. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് ഡോണ. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് തോമസ് ജോസഫുമായി ഡോണ അടുക്കുന്നത്. പ്രസവശേഷം ഡോണ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഡോക്ടർക്കു തോന്നിയ സംശയത്തിൽനിന്നാണ് കൊലപാതകം പുറത്തറിയുന്നത്.
ഇതുപോലെ തന്നെ സെപ്റ്റംബർ 2ന് മറ്റൊരു അരും കൊലപാതകവും നാടിനെ ഞെട്ടിച്ചു. ചേർത്തല ചേന്നംപള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ അമ്മ ആശയും കാമുകൻ രതീഷും പോലീസിന്റെ പിടിയിലാകുന്നു. സംഭവം ഇങ്ങനെയായിരുന്നു. ജനിച്ച് അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26 ന് ജനിച്ച കുഞ്ഞിനെ 31‑ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. അമ്മയുടെ കാമുകൻ രതീഷിന്റെ വീട്ടിലാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. വീട്ടിലെ ശൗചാലയത്തിൽ നിന്നാണ് പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിന്റെ മൃതദേഹം ആദ്യം വീട്ടുവളപ്പിൽ കുഴിച്ചിട്ടെങ്കിലും സംഭവം പുറത്തായതോടെ കുഞ്ഞിന്റെ ശരീരം വെളിയിലെടുത്ത് ശൗചാലയത്തിലിട്ട് കത്തിക്കാനും രതീഷ് ശ്രമിച്ചു. ആശ പ്രസവിച്ചതറിഞ്ഞ് ആശപ്രവർത്തകർ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് സംഭവത്തിൽ ദുരൂഹതതോന്നുന്നത്. ഇവർ പോലീസിനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രസവസമയത്ത് ആശക്കൊപ്പം ആശുപത്രിയിൽ നിന്നത് രതീഷ് ആയിരുന്നു. ഭർത്താവ് എന്ന പേരിലാണ് ആശയ്ക്കൊപ്പം നിന്നത്. ഓഗസ്റ്റ് 31 നാണ് ഇരുവരും ആശുപത്രി വിട്ടത്. പിന്നീട് ആശയാണ് കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയിൽ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്.
മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ യുവതിയുടേതും കൊലപാതകമാണെന്ന സൂചന ലഭിച്ചത് ഇക്കഴിഞ്ഞ ജൂലായിലാണ്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് കലയുടെ കാര്യത്തിൽ സംഭവിച്ചത്. മദ്യപാനത്തിനിടയിൽ പറഞ്ഞുപോയ കാര്യം ഊമക്കത്തായതോടെയാണ് 15 വർഷം മുൻപ് കാണാതായ ശ്രീകല കേസിൽ സംഭവത്തിൽ പോലീസ് വീണ്ടും അന്വേഷിക്കുന്നത്. ഇതിലാണ് കൊലപാതക സൂചന പുറത്തറിഞ്ഞത്. കലയെ ഭർത്താവ് അനിൽകുമാറും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. എപ്രിൽ 22ന് രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികയായ സഹോദരിയെ സഹോദരൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മറ്റൊരു സംഭവം പുറത്ത് വന്നിരുന്നു. എപ്രിൽ 18‑നായിരുന്നു സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ബെന്നി പൊലീസ് പിടിയിലായിരുന്നു. ബെന്നിയുടെ വീടിന്റെ അടുക്കളയുടെ പിറകിലെ വാതിൽപ്പടിയോടു ചേർന്നുള്ള ഭാഗത്തായിരുന്നു വയോധികയുടെ മൃതദേഹം കുഴിച്ചിട്ടത്. ഇഷ്ടിക നിരത്തി കുഴി മൂടിയിരുന്നു. റോസമ്മയുടെ സുഹൃത്ത് അന്വേഷിച്ചെത്തിയതോടെ സഹോദരിയുടെ മകളോട് ബെന്നി കുറ്റസമ്മതം നടത്തുകയായിരുന്നു.
സെപ്തംബറിൽ നടന്ന കടവന്ത്ര സ്വദേശി സുഭദ്രയുടെ കൊലപാതകം ഭീതിയോടെയാണ് നാട് കേട്ടത്. ആലപ്പുഴയിലെ കോർത്തശേരിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. സുഭദ്രയെ കാണാതായി മൂന്നാം നാൾ മകൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. കൊച്ചിയിൽ ആരംഭിച്ച അന്വേഷണം ഒടുവിൽ എത്തി നിന്നത് ആലപ്പുഴയിൽ കലവൂരിലെ ഒരു വീട്ടുവളപ്പിലാണ്. 73 വയസുകാരിയായ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ നിന്ന് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നു. ഇത് കവർന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. നടന്ന കൊലപാതകങ്ങളിൽ എല്ലാംതന്നെ സിനിമയെ വെല്ലുന്ന തിരക്കഥകളാണ് പിന്നിലുണ്ടായിരുന്നത്. എന്നാൽ കുഴിച്ചു മൂടിയ യാഥാർത്ഥ്യങ്ങളെല്ലാം പൊലീസ് കുഴിതോണ്ടി പുറത്തെടുത്തു.