Site iconSite icon Janayugom Online

ഒമാന്‍ തീരത്ത് കപ്പല്‍ മുങ്ങി; 13 ഇന്ത്യക്കാരെ കാണാതായി

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 ജീവനക്കാരെ കാണാനില്ല. മൂന്ന് പേര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്. കപ്പല്‍ മുങ്ങുകയും തലകീഴായി മറിയുകയുമായിരുന്നെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. കൊമോറസിന്റെ ഉടമസ്ഥതയിലുള്ള പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മുങ്ങിയത്. ഒമാനിലെ ദുഖ്വത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മുങ്ങിയ കപ്പലില്‍ നിന്നും എണ്ണയോ എണ്ണ ഉല്‍പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഒമാന്‍ ഇതുസംബന്ധിച്ച് എക്സിലൂടെ വിവിരം പുറത്തുവിട്ടത്. 

ദുബൈയിലെ ഹാംറിയയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. യെമനിലെ ഏഥന്‍ തുറമുഖത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് യെമന്‍ മേഖലയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണം പതിവാണ്. അത്തരത്തിലുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. 117 മീറ്ററാണ് കപ്പലിന്റെ നീളം. 2007ലാണ് നിര്‍മ്മിച്ചത്. ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്താണ് ദുഖ്വം തുറമുഖം സ്ഥിതി ചെയ്യുന്നത്. പ്രധാന വരുമാന സ്രോതസായ എണ്ണ, പ്രകൃതിവാതക ഉല്പന്നങ്ങളുടെ വ്യാപാരം പ്രധാനമായും നടക്കുന്നത് ദുഖ്വം തുറമുഖം കേന്ദ്രീകരിച്ചാണ്. 

Eng­lish Sum­ma­ry: The ship sank off the coast of Oman; 13 Indi­ans are missing
You may also like this video

Exit mobile version