Site iconSite icon Janayugom Online

ശിവസേന ലോക്‌സഭ കക്ഷിയും പിളര്‍ന്നു

ShivsenaShivsena

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. അതിനിടെ ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടിയായി ശിവസേന ലോക്‌സഭാ കക്ഷിയും പിളര്‍ന്നു.
വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ നോട്ടീസിനെതിരെ ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന്റെ ഹര്‍ജിയും വിശ്വാസവോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ചതിനെതിരെയുള്ള ഇരുപക്ഷങ്ങളുടെയും ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിട്ടുള്ളത്.
കൂറുമാറ്റത്തിന് പ്രതിഫലമായി മുഖ്യമന്ത്രി പദം ലഭിച്ചതിനേക്കാള്‍ വലിയ തെളിവുകളുടെ ആവശ്യമില്ലെന്ന് ഉദ്ധവ് പക്ഷത്തെ ചീഫ് വിപ്പ് സുനിൽ പ്രഭു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അയോഗ്യതാ നടപടികള്‍ പൂര്‍ത്തിയാകും വരെ വിമത എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിമത എംഎൽഎമാർക്കെതിരായ അയോഗ്യതാ നടപടിയെ ഡെപ്യൂട്ടി സ്പീക്കറും ന്യായീകരിച്ചു. അയോഗ്യതാ നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ എംഎല്‍എമാര്‍ക്ക് 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നു. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. എന്നാല്‍ അവരില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. വിശദീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടില്ലെന്നും സിര്‍വാള്‍ കോടതിയെ അറിയിച്ചു. അജ്ഞാത ഇ‑മെയിലില്‍ നിന്നാണ് 39 എംഎല്‍എമാര്‍ പാര്‍ട്ടിവിടുന്നതെന്ന വിവരം ലഭിച്ചത്. തന്നെ നീക്കം ചെയ്യുന്നതിനായുള്ള വിമത എംഎൽഎമാരുടെ നോട്ടീസ് അസാധുവാണ്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ മാത്രമേ നോട്ടീസ് നൽകാനാകൂവെന്നും സിർവാൾ കൂട്ടിച്ചേർത്തു.
അതിനിടെ ശിവസേനയുടെ ലോക്‌സഭ കക്ഷിയും പിളര്‍ന്നു. 19 എംപിമാരില്‍ 14 പേര്‍ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പായി അംഗീകാരം നേടിയെടുക്കാനായാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വിമതര്‍ പിന്തുണ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

Eng­lish Sum­ma­ry: The Shiv Sena Lok Sab­ha par­ty also split

You may like this video also

Exit mobile version