ശ്രീനാരായണ ഗുരുവിന്റെ അഷ്ടദര്‍ശൻങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറപ്പെട്ടിട്ടുള്ള തീര്‍ത്ഥാടന പദയാത്രകള്‍ എത്തികൊണ്ടിരിക്കുന്നു.
തീര്‍ഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ചെമ്പഴന്തിയിലേക്ക് അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെമ്പഴന്തി എസ്എന്‍ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ മന്ത്രി എംബി രാജേഷാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകുന്ന ചടങ്ങില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവരും പ്രസംഗിക്കും. 11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകും.നാരായണ ഗുരുകുല അധ്യക്ഷന്‍ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി നാഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അനന്തരാമകൃഷ്ണന്‍ അധ്യക്ഷനാകും. വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. ജനുവരി 1ന് ആണ് തീര്‍ഥാടനത്തിന്റെ സമാപനം.
The Sivagiri pilgrimage has begun