Site iconSite icon Janayugom Online

നിസ്സിമോൾ തൊടും സ്വപ്നം കണ്ട ആകാശങ്ങൾ; പൈലറ്റ് പരിശീലനത്തിന് എസ് ടി വിഭാഗം 
ഒന്നാം റാങ്ക് ഇടുക്കിക്കാരിക്ക്

വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിന് ഇടുക്കിയില്‍ നിന്നൊരു മിടുക്കി അര്‍ഹയായി. ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ ഡ്രൈവര്‍ പുളിയ്ക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്സിയുടേയും മകള്‍ നിസ്സിമോള്‍ റോയി (21) ആണ് രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ് ടി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായത്. 

സര്‍ക്കാരിന്റെ വിംഗ്സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുന്നത്. എന്‍ഐറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ചെറുപ്പം മുതലേ പൈലറ്റാവാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഇതിനായി ശ്രമിച്ചുകൊണ്ടിരുന്നു. പൈലറ്റ് ആവാനുള്ള കോഴ്സിന് അര്‍ഹത നേടിയതിനെ തുടര്‍ന്ന് എന്‍ ഐ റ്റിയിലെ പഠനം ഉപേക്ഷിച്ചു. ഫെബ്രുവരി പകുതിയോടെ ട്രെയിനിംഗിന് ചേരും. കോഴ്സ് പഠനത്തിനാവശ്യമായ സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കും. പ്രാഥമിക ചിലവുകള്‍ മാത്രം കുട്ടി നല്‍കിയാല്‍ മതിയാകും. സഹോദരന്‍ സാമുവല്‍ പൈനാവ് പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയാണ്.

ഇടുക്കി ജില്ലയില്‍ ആദ്യമായിട്ടാണ് എസ് ടി വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിക്ക് പൈലറ്റാവാന്‍ അവസരം ലഭിക്കുന്നത്. പൈലറ്റാകാന്‍ പഠിക്കുന്നതിന് വലിയ ചെലവ് വരുന്നതാണ്. സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് മാത്രം സാധിച്ചിരുന്ന ഒരു സ്വപ്നമാണിത്. 

Exit mobile version