വച്ചാൽ തോട്ടിൽ മത്സ്യബന്ധന വലയിൽ പാമ്പ് കുടുങ്ങി. ചെന്നിത്തല അപ്പർകുട്ടനാട് ഒന്നാം ബ്ലോക്ക് പാടശേഖരമായ തേവർകടവിന് പടിഞ്ഞാറ് ഭാഗത്തുള്ള വാച്ചാൽ തോട്ടിൽ വിരിച്ച വലയിലാണ് അഞ്ചര മീറ്റർ നീളമുള്ള മൂർഖൻ അകപ്പെട്ടത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. പോട്ടങ്കേരിൽ രാജേഷ്, സുബ്രഹ്മണ്യം എന്നിവർ തോട്ടിൽ മീൻപിടുത്തതിനായി നീട്ടിയ വലകൾ ഉയർത്തിയപ്പോഴാണ് വലയിൽ അകപ്പെട്ട പാമ്പിനെ കണ്ടത്.
പത്തി വിടർത്തിയ പാമ്പിന്റെ ശക്തമായ ശിൽക്കാരം കേട്ട് തൊഴിലാളികൾ ഓടി അകന്നു. സംഭവം അറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം ഉമാ താരാനാഥ് റാന്നി വനം വകുപ്പിന് വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നെത്തിയ ജീവനക്കാരൻ പല്ലന ഹുസൈന് വലയിൽ കുടുങ്ങിയ പാമ്പിനെ തൊഴിലാളികൾ കൈമാറി.