Site iconSite icon Janayugom Online

ധർമ്മസ്ഥലയില്‍ മണ്ണ് കുഴിച്ച് പരിശോധന നടത്തും

കർണാടക ധർമ്മസ്ഥല വെളിപ്പെടുത്തലിൽ അന്വേഷണം തുടരുന്നു. മുൻ ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും. നാളെ ധർമ്മസ്ഥലയിൽ മണ്ണ് കുഴിച്ച് പരിശോധന നടത്തും. ഈ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച് കൂടിയാകും അന്വേഷണസംഘത്തിന്റെ തുടർ നീക്കങ്ങൾ. സ്കൂൾ യൂണിഫോമിലുള്ള വിദ്യാര്‍ത്ഥിനികളെയടക്കം നൂറിലധികം പേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. തുടർച്ചയായ രണ്ടാം ദിവസവും പരാതി നൽകിയ വ്യക്തിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ഇന്ന് എട്ടര മണിക്കൂർ ആണ് ശുചീകരണതൊഴിലാളിയുടെ മൊഴിയെടുത്തത്. രാവിലെ 10.30 ന് പരാതിക്കാരൻ അഭിഭാഷകരോടൊപ്പം പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ക്യാമ്പ് ഓഫിസായ മംഗളൂരു ഇൻസ്പെക്ഷൻ ബംഗ്ലാവിൽ (ഐബി) എത്തി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി ആദ്യദിവസം അഞ്ചുമണിക്കൂര്‍ മൊഴിയെടുത്തിരുന്നു. 

പരാതിക്കാരന്‍ തന്റെ രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായാണ് വിവരം. ധർമ്മസ്ഥലയിൽ നാല് കിലോമീറ്റർ ചുറ്റളവിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നാണ് മൊഴി. ഓരോ മൃതദേഹങ്ങളും ആര് കാട്ടിത്തന്നു, ഏത് വാഹനത്തിൽ കൊണ്ടുവന്നു എന്നതടക്കം ഇയാളോട് എസ്ഐടി ചോദിച്ചു. വീണ്ടും ഇയാളുടെ മൊഴിയെടുക്കും. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം പിന്നീട് വ്യക്തമാകാൻ അടയാളം വെച്ചിട്ടുണ്ടെന്ന് ശുചീകരണതൊഴിലാളി നേരത്തേ മൊഴി നൽകിയിരുന്നു. പഴയ മിസ്സിങ് കേസുകളിൽ അടക്കം സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്. ബെൽത്തങ്കടി പൊലീസ് സ്‌റ്റേഷനിലും പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫിസ് തുറന്നിട്ടുണ്ട്. ധർമ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.

39 വര്‍ഷം മുമ്പ് നേത്രാവതി പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളി കുടുംബം കഴിഞ്ഞദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന പത്മലതയെ കാണാതായി 53 ദിവസത്തിന് ശേഷമാണ് നേത്രാവതി പുഴയില്‍ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാല്‍ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. പത്മലതയുടെ തിരോധാനത്തിന് ധര്‍മ്മസ്ഥല വെളിപ്പെടുത്തലുമായി ബന്ധമുണ്ടോയന്ന് അന്വേഷണം വേണമെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. 

Exit mobile version