Site iconSite icon Janayugom Online

സ്പാനിഷ് ദമ്പതികൾ പറയുന്നു വായിച്ചറിഞ്ഞ നാട് തന്നെ ഇത്

സ്പാനിഷ് ദമ്പതികളായ ഫെർണാഡോയും അമോറും മൂന്നാർ സിപിഐ ഓഫീസിന് മുന്നിൽ

സ്പെയിനിലെ പത്രത്തിൽ നിന്നാണ് ഫെർണാഡോയും ഭാര്യ അമോറും കേരളത്തെക്കുറിച്ച് അറിഞ്ഞത്. ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കിയ ഒരു നാടുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇവിടെമെന്നും ആയിരുന്നു സ്പാനിഷ് പത്രമായ ‘എൽ സാല്‍തോ‘യിലെ ആ വാര്‍ത്ത. സ്ത്രീ പുരുഷ സമത്വത്തിലും ദാരിദ്ര്യ നിർമാർജനത്തിലും വിദ്യാഭ്യാസത്തിലും എല്ലാം മുന്നേറിയ നാടാണ് കേരളമെന്ന് വായിച്ചപ്പോൾ ഈ നാട് ഒന്നു കാണണമെന്ന് തന്നെ ഉറപ്പിച്ചു.

മഴക്കാലമല്ലെന്ന് ഉറപ്പാക്കി ടിക്കറ്റ് എടുത്തു. നാലു ദിവസം മുമ്പാണ് ഇരുവരും കൊച്ചിയിൽ വിമാനമിറങ്ങിയത്. അവിടെ രണ്ടു ദിവസം തങ്ങിയ ശേഷം മൂന്നാറിൽ. ഇവിടെ നിന്ന് തേക്കടിയും അതിനു ശേഷം തിരുവനന്തപുരവും കണ്ട് സ്പെയിനിലേക്ക് ഡിസംബർ ഏഴിന് മടങ്ങും. മൂന്നാറിൽ കറങ്ങുന്നതിനിടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസ് തേടിയെത്തിയത്. പാർട്ടി പതാക നിവർത്തിപ്പിടിച്ച് സന്തോഷത്തോടെ ഫോട്ടോയും എടുത്തു. ഫെർണാഡോ ഇന്ത്യ സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. മുമ്പ് രാജസ്ഥാനിൽ പോയിട്ടുണ്ട്. അമോർ ഇന്ത്യയിൽ എത്തുന്നത് ഇതാദ്യം.
വായിച്ചറിഞ്ഞതിനെക്കാൾ അത്ഭുതകരമാണ് ഈ നാടെന്ന് ഇരുവരും പറയുന്നു. മുമ്പ് കണ്ടിട്ടുള്ള രാജസ്ഥാനിൽ നിന്ന് ഈ നാടിനുള്ള വ്യത്യാസം എന്തെന്ന ചോദ്യത്തിന് ‘എല്ലാത്തിലും’ എന്നായിരുന്നു ഫെർണാഡോയുടെ മറുപടി. നിരത്തുകളിലെ സ്ത്രീ സാന്നിധ്യമാണ് അമോറിനെ അതിശയിപ്പിച്ചത്. സാരി അടക്കമുള്ള വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ച് സ്വതന്ത്രരായി നടക്കുന്ന സ്ത്രീകൾ. രാജസ്ഥാനിൽ സ്ത്രീകൾ കൂടുതലായും വീടുകൾക്കുള്ളിലാണ് കാണപ്പെട്ടതെന്ന് ഫെർണാഡോ കൂട്ടിച്ചേർത്തു. ചേരി പ്രദേശങ്ങൾ കാണാനില്ലെന്നതും കേരളത്തിന്റെ പ്രത്യേകതയാണ്. ശുചിത്വത്തിലും ഏറെ മുന്നിലാണ് കേരളം.

സ്പെയിനിൽ സോഫ്റ്റ്‌വേർ ഡെവലപ്പറാണ് ഫെർണാഡോ. അമോർ ആർക്കിടെക്റ്റും. കേരളത്തെ കൂടുതൽ അടുത്തറിയണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ വീണ്ടും വരുമെന്നും ഇരുവരും പറഞ്ഞു.

Exit mobile version