Site iconSite icon Janayugom Online

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘മോക്ക’യ്ക്ക് അരങ്ങൊരുങ്ങി

ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് ആറോടെ ചക്രവാതച്ചുഴി പിറവിയെടുക്കുന്നതോടെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘മോക്ക’യുടെ രൂപീകരണത്തിന് അത് വഴിവയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപാന്തരപ്പെടാനാണ് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി മേയ് ഏഴിന് ന്യൂനമര്‍ദമായും എട്ടിന് തീവ്രന്യൂനമര്‍ദമായും മാറി വടക്ക് ദിശയില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലെത്തി ചുഴലിക്കാറ്റാകാനാണ് സാധ്യത. പിന്നീട് ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഈ പശ്ചാത്തലത്തില്‍ ഒഡിഷയിലെ 18 ജില്ലകളില്‍ ഇതിനകം തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അന്തരീക്ഷത്തിലെ മര്‍ദവ്യതിയാനം മൂലം കാറ്റ് ചക്രം പോലെ കറങ്ങുന്നതാണ് ചക്രവാതചുഴി. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണിത്. എന്നാല്‍ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമര്‍ദമാകാറില്ല. വേനല്‍ക്കാലത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദം കൂടുതല്‍ അപകടകാരികളാകുമെന്നാണ് വയ്പ്. ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന യെമന്‍ പട്ടണമായ ‘മോക്ക’യുടെ പേരാണ് അടുത്തതായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന് നല്‍കുന്നത്. കാപ്പി കൃഷിക്ക് പ്രശസ്തമായ ഈ നഗരത്തില്‍ ഉല്പാദിപ്പിക്കുന്ന കോഫിയാണ് പ്രസിദ്ധ ഇറ്റാലിയന്‍ കോഫി ബ്രാന്‍ഡായ ‘മോക്ക’. ഈ പേരാണ് കാലാവസ്ഥാ സമിതിക്ക് യെമന്‍ നല്‍കിയിട്ടുള്ളത്. യെമന്റെ ഊഴമാണിത്.

വിവിധ രാജ്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ ലോക കാലാവസ്ഥാ സമിതിയാണ് ചുഴലിക്കാറ്റുകള്‍ക്ക് ക്രമപ്രകാരം നല്‍കുന്നത്. ലോകത്തെ ആറ് മേഖലാ കാലാവസ്ഥാ സെന്ററുകളും അഞ്ച് മേഖലാ ട്രോപ്പിക്കല്‍ സൈക്ലോണ്‍ വാണിങ് സെന്ററുകളും അടങ്ങുന്ന സമിതി മുമ്പാകെ ഈ പേരുകള്‍ സമര്‍പ്പിക്കും.
ചുഴലിക്കാറ്റുകള്‍ ഏത് പ്രദേശത്ത് വീശുന്നു എന്ന് കൃത്യമായി മനസിലാക്കാനും ഒന്നില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാവുകയാണെങ്കില്‍ വേര്‍തിരിച്ചറിയാനുമാണ് നാമകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് ചില മാനദണ്ഡങ്ങളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ലോക കാലാവസ്ഥാ സമിതി വിശദമായ ചര്‍ച്ചയ്ക്കുശേഷമേ പേരുകളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കൂ. ഇന്ത്യ അംഗമായ മേഖലാ സമിതിയില്‍ ബംഗ്ലാദേശ്, ഇറാന്‍, മ്യാന്‍മര്‍, മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദിഅറേബ്യ, ശ്രീലങ്ക, തായ്‌ലാന്‍ഡ്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

Eng­lish sum­ma­ry: The stage is set for the first cyclone of the year, ‘Mocha’

you may also like this video

Exit mobile version