Site iconSite icon Janayugom Online

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ട് ഉത്സവത്തിന് അരങ്ങുണര്‍ന്നു

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ട് ഉത്സവത്തിന് അരങ്ങുണര്‍ന്നു. ഒരു നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ തെയ്യംകെട്ട് ഉത്സവം നടക്കുന്നത്.വെള്ളിയാഴ്ച രാവിലെ കലവറ നിറയ്ക്കൽ ചടങ്ങോടെ തെയ്യംകെട്ടിന് തുടക്കമായി. സാസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയർമാൻ എൻ ബാലചന്ദ്രൻ നായർ അധ്യക്ഷനായി വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി.

പ്രസന്നാ പ്രസാദ്, ടി കെ നാരായണൻ, പി ശ്രീജ, ഇ കെ ഷാജി, ഫാ ജോസഫ് തറപ്പുതൊട്ടിയിൽ, എം പദ്‌മകുമാരി, പി എം കുര്യാക്കോസ്, അഡ്വ. രാധാകൃഷ്ണ ഗൗഡ, ലതാ അരവിന്ദ്, സുപ്രിയാ ശിവദാസ്, കെ. സുകുമാരൻ നായർ വളപ്പിൽ, കൂക്കൾ ബാലകൃഷ്ണൻ, സി കെ മനോജ് പുല്ലുമല, പനത്തടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മലയോരത്തെ വിവിധ ക്ഷേത്രങ്ങൾ, ദേവസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാതൃസമിതികളുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കൽ ഘോഷയാത്രയുമായി എത്തിയ സംഘങ്ങളെ ആഘോഷ കമ്മിറ്റി ഭാരവാഹികൾ ദേവസ്ഥാനത്ത് സ്വീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് കോരച്ചൻ തെയ്യത്തിന്റെ വെള്ളാട്ടം. രാത്രി ഒൻപതിന് കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം, തെയ്യംകെട്ടിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ ബപ്പിടൽ ചടങ്ങ്. രാത്രി 11‑ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. 11.30‑ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടം. ഞായറാഴ്ച രാവിലെ എട്ടിന് കോരച്ചൻ തെയ്യത്തിന്റെയും 10.30‑ന് കണ്ടനാർ കേളൻ തെയ്യത്തിന്റെയും പുറപ്പാട്. 11 മുതൽ അന്നദാനം. വൈകുന്നേരം മൂന്നിന് വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും. തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. രാത്രി 10‑ന് മറ പിളർക്കൽ ചടങ്ങ്. ശേഷം കൈവീതോടുകൂടി തെയ്യംകെട്ട് സമാപിക്കും.

തെയ്യംകെട്ട് ഉത്സവത്തിനെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാൻ സൗകര്യമൊരുക്കി സംഘാടകർ.‌ ദേവസ്ഥാനത്തേക്കുള്ള റോഡിന്റെ വീതി കുറവ് പരിഗണിച്ച് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോട് ചേർന്ന് കിടക്കുന്ന ചെറു പനത്തടി സെയ്ന്റ് മേരീസ് കോളേജ് ഗ്രൗണ്ട്, പനത്തടി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, പനത്തടി സെയ്ന്റ് ജോസഫ് ഫൊറോനാ ദേവാലയ ഗ്രൗണ്ട്, ചെറു പനത്തടിയിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള രണ്ട് പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടണമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Exit mobile version