Site icon Janayugom Online

പൊന്നിൻ ചിങ്ങമാസത്തിൽ ഉദിച്ച പൊൻതാരകം

Srinarayana guru

ലോകത്താകമാനമുളള മലയാളികൾ, സമഭാവനയോടെയും പ്രജകളെ തുല്യതയോടെയും നോക്കി തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലി ചക്രവർത്തിയെ സ്വീകരിക്കുന്നതിനായി ആഹ്ലാദത്തോടെയും ആവേശത്തോടും കാത്തിരിക്കുന്ന പൊന്നിൻ ചിങ്ങമാസത്തിലാണ് തിരുവന്തപുരം ജില്ലയിൽ ചെമ്പഴന്തി എന്ന ഗ്രാമത്തിൽ വയൽവാരം വീട്ടിൽ മാടനാശൻ- കുട്ടിയമ്മ ദമ്പതികളുടെ ഭവനത്തിൽ നാരായണൻ എന്ന പൊൻതാരകം ചതയം നക്ഷത്രത്തിൽ ജന്മമെടുത്തത്.
കാലസംക്രമണത്തിൽ മഹാബലിയുടെ നാട്ടിൽ ജാതി, മതം, ലിംഗം എന്നിവയുടെ പേരിൽ മനുഷ്യന്റെ തുല്യത നഷ്ടപ്പെടുത്തിയത് അവസാനിപ്പിച്ച് ഒരു മതേതര സോഷ്യലിസ്റ്റ് ലോകം സൃഷ്ടിക്കുന്നതിനായിരിക്കണം നാരായണൻ മഹാബലിയുടെ വരവിന്റെ തൊട്ടടുത്ത നാളിൽ ജന്മമെടുത്തത് എന്ന് വിചാരിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.
മനുഷ്യൻ മനുഷ്യന് അശുദ്ധവും, അസ്പർശ്യവും, അദൃശ്യനുമായിരുന്ന കാലഘട്ടത്തിൽ മാനവരാശിയെ മാറ്റിയെടുക്കുന്നതിനായി “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന വിശ്വസ്നേഹത്തിന്റെ വിലമതിക്കാനാവാത്ത മുദ്രാവാക്യം ലോകത്തിന് മുമ്പിൽ അദ്ദേഹം അവതരിപ്പിച്ചു. മഹാഗുരു മലയാള മണ്ണിൽ നടത്തിയ വിപ്ലവകരവും, ചിന്തോദീപകവുമായ പ്രവർത്തനങ്ങളും വിശ്വഗുരുവിന്റെ സൃഷ്ടികളും കൂടുതല്‍ പഠനവിഷയമാക്കേണ്ടതാണ്.
ലളിതമായ ഭാഷയിൽ മഹാഗുരു അവതരിപ്പിച്ച സന്ദേശങ്ങളും, ആ മഹത്തായ ദർശനവും പഠിക്കുകയും സ്വജീവിതത്തിൽ പകർത്തുകയും ചെയ്യാൻ കഴിയുന്ന ഒരു ജനത ഇനിയും ഉണ്ടാക്കേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം


1888ല്‍ കുംഭമാസത്തിലെ ശിവരാത്രിനാളിന്റെ അന്ത്യയാമത്തിൽ നെയ്യാറിലെ ഏറ്റവും ആഴവും ചുഴിയുമുളള ‘ശങ്കരൻ കുഴി’ എന്ന വലിയ കയത്തിൽ നിന്നും മുങ്ങി തപ്പിയെടുത്ത ശിവലിംഗാകൃതിയിലുളള ശില അരുവിപ്പുറത്തെ പരുപരുപ്പുളള ഒരു പരന്ന പാറയുടെ നടുവിൽ തന്റെ കണ്ണുനീരിനാൽ കലശം ആടി അഭിഷേകം നടത്തി ‘ഇത് ശിവനാകുന്നു’ എന്ന് നാമകരണം ചെയ്ത് കുടിയിരുത്തിയ സന്ദർഭവും സാഹചര്യവും നാം ചർച്ച ചെയ്യേണ്ടതാണ്. അന്ന് ആദ്യമായാണ് അവർണൻ “ഓം നമഃ ശിവായ” എന്ന മന്ത്രം ഏറ്റ് ചൊല്ലിയത്. കറുത്ത വർഗത്തിൽ ജനിച്ചവർക്ക് സാത്വിക ദൈവങ്ങളും, നാമങ്ങളും, ക്ഷേത്രവും നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ വിശ്വനാഥനായ മഹാദേവനെ പ്രതിഷ്ഠിച്ചതിൽ കുപിതരായ സവർണർ എന്ന് പറഞ്ഞ് അഭിമാനിച്ചവരുടെ മുഖത്ത് നോക്കി ‘ഇത് നിങ്ങളുടെ ശിവനല്ല നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നൂറ്റാണ്ടുകളായി നിന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നേർക്കുളള അർത്ഥഗംഭീരമായ പോരാട്ടത്തിന്റെ തുടക്കവും, അവർ കെട്ടി ഉയർത്തിയ ചില്ലു കൊട്ടാരം എറിഞ്ഞ് ഉടയ്ക്കുന്നതിന്റെ പ്രത്യക്ഷപ്രതീകവും ആയിരുന്നു ആ മറുപടി. മഹാഗുരു പിടിച്ചിരുത്തിയ മഹാദേവൻ ഇന്നും അരുവിപ്പുറത്ത് പുനഃപ്രതിഷ്ഠ ആവശ്യമില്ലാത്ത വിധം പുഞ്ചിരിയോടെ പ്രകാശം ചൊരിഞ്ഞ് നിൽക്കുന്നു.


ഇതുകൂടി വായിക്കൂ: ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്


ശ്രീനാരായണ ഗുരുവിന്റെ കാലഘട്ടം ചരിത്രപുരുഷന്മാരുടെയും കാലഘട്ടം ആയിരുന്നു. സൂര്യനായ ഗുരുവിനു ചുറ്റും മഹാരഥന്മാരായ കുമാരനാശാനും, ഡോ. പൽപ്പുവും, റ്റി കെ മാധവനും സഹോദരൻ അയ്യപ്പനും തുടങ്ങി അനവധിയായ നക്ഷത്രങ്ങൾ. വിവിധ ചിന്തകളും കാഴ്ചപ്പാടുകളും ഉളളവരെ ഒരു കുടക്കീഴിൽ നിർത്തി കേരളത്തിൽ വലിയ സാമൂഹ്യ മാറ്റത്തിന് കാരണമാകുവാൻ പ്രചോദനമായ “ശ്രീ നാരായണധർമ്മ പരിപാലന യോഗം” സ്ഥാപിച്ചു. ക്ഷേത്ര ആരാധനയും, വിദ്യാഭ്യാസവും നിഷേധിച്ചവർക്ക് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയും, പണപിരിവ് നടത്തി വിദ്യാലയം കെട്ടി ഉണ്ടാക്കിയും ഗുരു കൂടെ നിന്നു. അവർണർ സ്വാത്വിക ദൈവങ്ങളെ പ്രാർത്ഥിക്കുന്നതിന് നിഷേധമുണ്ടായിരുന്നതിനാൽ തോടക വൃത്തത്തിൽ ഉൾപ്പെടെയുളള മനോഹരങ്ങളായ പ്രാർത്ഥന ഗീതങ്ങൾ എഴുതി നൽകിയ ഗുരു ലോകത്തിന് ഒരു അത്ഭുതമാണ്. മഹാകവി ആയും, വിദ്യാഭ്യാസവിചക്ഷണനായും, തന്ത്രിയായും, പൂജാരിയായും, കൃഷിക്കാരനായും, സാമൂഹ്യപരിഷ്കർത്താവായും, വിപ്ലവകാരിയായും, മികച്ച സംഘാടകനായും അവതാരപുരുഷനായും, മഹാഋഷീശ്വരനായും വിശേഷിപ്പിക്കാവുന്ന ഗുരുവിന്റെ ദർശനം ശരിക്കും ലോകജനതയ്ക്ക് വെളിച്ചവും പ്രത്യാശയും നൽകുന്ന മൃതസഞ്ജീവനി ആണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്’ എന്നതുള്‍പ്പെടെ ഗുരുവിന്റെ സന്ദേശങ്ങളും കൃതികളും ലോകത്ത് ഏറ്റവും കുറച്ച് മനുഷ്യർ മാത്രം ഉപയോഗിക്കുന്ന ഭാഷയായ മലയാളത്തിൽ ആയതിനാലാണ് അദ്ദേഹത്തിന്റെ മഹത്വം അറിയാൻ ലോകം വൈകിയത്. എന്നാൽ ഈ നൂറ്റാണ്ടിൽ ശ്രീനാരായണഗുരു ദേവന്റെ കൃതികളും, ജീവിതചരിത്രവും, സന്ദേശങ്ങളും ലോകത്താകമാനമുളള ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്തുകൊണ്ടിരിക്കുന്നു എന്നത് വലിയ പ്രത്യാശയും പ്രതീക്ഷയും നൽകുന്നു.
“മനുഷ്യൻ നന്നാകണം” എന്ന വലിയ ദർശനം, അത് മഹാഗുരുവിന് മാത്രം അവകാശപ്പെട്ടതാണ്. ജാതിയും മതവും ലിംഗവും മനുഷ്യ നന്മയ്ക്ക് തടസമാകാൻ പാടില്ല എന്ന ഗുരു സന്ദേശത്തിന്റെ ആഴവും പരപ്പും വലുതാണ്. എല്ലാ മതങ്ങളും മനുഷ്യന് വാഗ്ദാനം ചെയ്യുന്നത് സ്വർഗരാജ്യമാണ്. ഒരു ഹിന്ദു മതവിശ്വാസിക്കു മോക്ഷം കിട്ടി സ്വർഗരാജ്യത്ത് എത്തണമെങ്കിൽ ഹിന്ദുമതം അനുശാസിക്കുന്നതുപോലെയുള്ള ആരാധനകളും ഒരു ഇസ്‌ലാം മതവിശ്വാസി സ്വർഗത്തിലെത്തണമെങ്കിൽ ഇസ്‌ലാം മതം അനുശാസിക്കുന്ന തരത്തിൽ ഖുറാൻ പാരായണവും, നിസ്കാരവും ഉൾപ്പെടെയുളളവയും നിർബന്ധമാണ്. ക്രിസ്തുമതവിശ്വാസി ആ മതം അനുശാസിക്കുന്ന തരത്തിൽ മാമ്മോദിസയും കുമ്പസാരവും, ഉൾപ്പെടെയുള്ളവ കൃത്യതയോടെ പാലിക്കണം. എന്നാൽ ലോകത്താകമാനമുളള മനുഷ്യരോട് മഹാഗുരു ലളിതമായ ഭാഷയിൽ പറഞ്ഞത് “ഹേ മനുഷ്യ നീ നന്നായി ജീവിച്ചൽ മതി, നിനക്ക് സ്വർഗത്തിൽ എത്താം “എന്നാണ്. അതായത് ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന വാക്കുകളുടെ അർത്ഥം വളരെ വിലപ്പെട്ടതാണ് എന്നര്‍ത്ഥം.
മനുഷ്യനന്മയെ ലക്ഷ്യമാക്കി ഗുരുദേവൻ 1928 ൽ കോട്ടയം നാഗമ്പടത്തെ തേൻമാവിൻ ചുവട്ടിലിരുന്നു കൊണ്ട് തന്റെ ഗൃഹസ്ഥ ശിഷ്യൻമാരായ വലഭശ്ശേരി ഗോവിന്ദൻ വൈദ്യർക്കും ശ്രീമാൻ കിട്ടൻ റൈട്ടർക്കും ശിവഗിരി തീർത്ഥാടന അനുമതി നൽകി അനുഗ്രഹിച്ചു.


ഇതുകൂടി വായിക്കൂ: ശ്രീനാരായണ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തി; മുഖ്യമന്ത്രി


മറ്റ് തീർത്ഥാടനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ശിവഗിരി തീർത്ഥാടനം കൊണ്ട് ഗുരു ഉദ്ദേശിച്ചത് കർമ്മശേഷിയും കാര്യപ്രാപ്തിയുമുളള സമൂഹത്തിന് വേണ്ടി നന്മ ചെയ്യാൻ കഴിയുന്ന ഒരു മനുഷ്യനെ സൃഷ്ടിക്കുക എന്നതാണ്. അറിവിന്റെ തീർത്ഥാടനമായ ശിവഗിരി തീർത്ഥാടന ലക്ഷ്യമായി ഗുരു മുമ്പോട്ട് വച്ചത്, ഈശ്വരഭക്തി, ശുചിത്വം, സംഘടന, വിദ്യാഭ്യാസം, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിജ്ഞാനം എന്നീ എട്ട് വിഷയങ്ങളെക്കുറിച്ച് അറിവുളളവരെ വിളിച്ചു വരുത്തി പ്രഭാഷണങ്ങൾ സംഘടിപ്പിക്കണം, തീർത്ഥാടകരായി എത്തി ചേരുന്നവർ ആയത് ശ്രദ്ധയോടെ കേട്ട് പഠിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്നൊക്കെയായിരുന്നു. എത്രയോ വലിയ ദീർഘവീക്ഷണത്തോടെയാണ് ഗുരു ഇപ്രകാരം കല്പിച്ചരുളിയത് എന്ന് ലോകം ചർച്ച ചെയ്യേണ്ടതാണ്. ഗുരു കല്പിച്ച എട്ട് വിഷയങ്ങളിൽ അതീവമായ ശ്രദ്ധ ചെലുത്തുന്നവർക്ക് ജീവിതത്തിൽ പരാജയം ഉണ്ടാവില്ല. ശാസ്ത്ര സാങ്കേതികവിദ്യയുടെ പരമകാഷ്ഠയിൽ എത്തി നിൽക്കുന്ന ലോകത്ത് ആ വിഷയത്തെക്കുറിച്ച് പഠിക്കേണ്ടത് അനിവാര്യം എന്ന് അരുളി ചെയ്ത ഒരേ ഒരു ആചാര്യന്‍ ഗുരുദേവൻ മാത്രമാണ്.
മഹാഗുരു പറഞ്ഞത് മലയാളത്തിൽ ആണെങ്കിലും ആയത് ലോകത്താകമാനമുളള മാനവരോടാണ്. അവിടെ ഭാഷ, ലിംഗം, വർഗം, ജാതി, മതം എന്നിവയുടെ വ്യത്യാസമില്ലാതെ എല്ലാവരും ഏറ്റെടുക്കുന്ന ഒരു കാലം വരും. അന്ന് ലോകത്തെ നിയന്ത്രിക്കുന്നതും, നയിക്കുന്നതും “ശ്രീനാരായണ ഗുരുദേവ ധർമ്മവും, ദർശനവും” ആയിരിക്കും. അതിനെ നമുക്ക് മതാതീത ആത്മീയത എന്നും മതേതര, സോഷ്യലിസം എന്നും വിളിക്കാം
ആ കാലം അതിവിദൂരഭാവിയിൽ ലോകം ഏറ്റെടുക്കും, അങ്ങനെ ഒരു കാലം പണ്ട് മഹാബലിയുടെ രാജ്യത്ത് ഉണ്ടായിരുന്നു എന്നതിന്റെ ഓർമ്മ പുതുക്കാൻ ആണ് ഓണക്കാലത്ത് “മാവേലി നാടുവാണിടും കാലം മാലോകർ എല്ലാവരും ഒന്നുപോലെ” എന്ന് പാടി പുകഴ്ത്തുന്നത്. ഓണമാസമാകുന്ന ചിങ്ങമാസത്തിലെ ചതയം നാളിൽ മലയാളിയായി വന്ന് അവതരിച്ച ശ്രീനാരായണ ഗുരുദേവന്റെ ദർശനം ലോകജനത ഏറ്റെടുക്കുമ്പോൾ മഹാബലി ചക്രവർത്തിയുടെ പഴയ മലയാള രാജ്യം പോലെയുളള ഒരു രാഷ്ട്രം നമുക്ക് പുനഃസൃഷ്ടിക്കാൻ കഴിയും. അതിനാണ് ശ്രീനാരായണഗുരു ഓണക്കാലത്ത് പിറന്നത് എന്നും വിശ്വസിക്കാവുന്നതാണ്.

Exit mobile version