Site iconSite icon Janayugom Online

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

ഇരുപത്തി മൂന്നാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞ ഇന്നലെ ബേക്കർ സ്കൂളിലെ വിവിധ വേദികൾ നിറച്ചാർത്തണിഞ്ഞു. ശാരീരികവും ബൗദ്ധികവുമായ പരിമിതികൾ ഏതും തളർത്തില്ലെന്ന നിർബന്ധത്തോടെ വിവിധ ജില്ലകളിലിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ വേദിയിൽ മാറ്റുരച്ചപ്പോൾ കാഴ്ചക്കാർക്കത് പുതിയ അനുഭവമായി. ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി എം വി വിസ്മയയുടെ സ്വാഗത ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മന്ത്രി വി ശിവൻകുട്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. 

22 വരെ നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള യു പി മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള 1600 ഭിന്നശേഷി വിദ്യാർത്ഥികൾ ബേക്കർ മെമ്മോറിയൽ സ്കൂളിലെ എട്ടു വേദികളിലായി മാറ്റുരയ്ക്കും. ശ്രവണ, കാഴ്ച പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക. ശ്രവണ പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. 

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തി ഗാനം, ഉപകരണ സംഗീതം, ചിത്രരചന, പെൻസിൽ, ജലഛായം മത്സരങ്ങളാണ് ഇന്നലെ നടന്നത്. ആദ്യ ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 38 പോയിന്റുകളുമായി തൃശൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 37 പോയിന്റുകളുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. 33 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിനുളളത്. 

Eng­lish Summary:The state spe­cial school turned up for the arts festival

You may also like this video

Exit mobile version