Site iconSite icon Janayugom Online

കാക്കാഴം കാപ്പിത്തോട്ടിൽ ദുർഗന്ധം രൂക്ഷം; പൊറുതിമുട്ടി നാട്ടുകാർ

വേനലും കടുത്ത് മാലിന്യവും കുന്നുകൂടിയതോടെ കാപ്പിത്തോട്ടിൽ ദുർഗന്ധം രൂക്ഷമായി. പതിറ്റാണ്ടുകളായി തുടരുന്ന കാക്കാഴം കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്നം പരിഹരിക്കാൻ ഇതുവരെ യാതൊരു പദ്ധതിയും തീരുമാനിച്ചിട്ടില്ല. കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്നം പരിഹരിക്കാൻ കോടികളും ലക്ഷങ്ങളും അനുവദിച്ചുവെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ ഇവയൊന്നും കാലങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമായിട്ടുമില്ല. മനുഷ്യാവകാശ കമ്മീഷൻ തന്നെ പല തവണ ഈ വിഷയത്തിൽ ഉത്തരവിറക്കിയെങ്കിലും അവയൊന്നും വെളിച്ചം കണ്ടില്ല. കാപ്പിത്തോട്ടിലെ മാലിന്യ പ്രശ്നം മൂലം തോടിന്റെ ഇരുകരയിലും താമസിക്കുന്നവർക്ക് ത്വക്ക് രോഗം ഉൾപ്പടെയുള്ള അസുഖങ്ങളാണ് പിടിപെടുന്നത്.

നിരവധി ചെമ്മീൻ പീലിങ് ഷെഡുകളിൽ നിന്നും വീടുകളിൽനിന്നും മറ്റുമുള്ള മാലിന്യങ്ങൾ ഇപ്പോഴും തള്ളുന്നത് കാപ്പിത്തോട്ടിലേക്കാണ്. ചെമ്മീൻ പീലിങ് ഷെഡുകൾ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിർദേശം കാറ്റിൽ പറത്തിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്ലാന്റ് നിർമിക്കാൻ സബ്സിഡി നൽകാമെന്ന സർക്കാർ നിർദേശവും ഇവർ അംഗീകരിക്കാതെയാണ് കാപ്പിത്തോട്ടിലേക്ക് മാലിന്യം തള്ളുന്നത്. മലിനീകരണ നിയന്ത്രണ ബോർഡും പഞ്ചായത്തും നൽകിയ നിർദേശങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന ഇത്തരം ചെമ്മീൻ പീലിങ് ഷെഡുകൾക്ക് വൈദ്യുതി ലഭിച്ചതും വഴിവിട്ട രീതിയിലാണ്. ഇതിന്റെ ദുരിത ഫലം അനുഭവിക്കുന്നത് തോടിന് ഇരുകരയിലും താമസിക്കുന്ന സാധാരണക്കാരാണ്. ഒഴുക്ക് നിലച്ചതോടെ ഇപ്പോൾ ദുർഗന്ധം രൂക്ഷമായിരിക്കുകയാണ്.

കാപ്പിത്തോടിന് സമീപമുള്ള കാക്കാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എസ്എൻവി ടിടിഐ എന്നിവിടങ്ങളിലെ ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. കാക്കാഴം വളഞ്ഞവഴി ഭാഗങ്ങളിൽ ഒരു കിലോമീറ്ററോളം തോട്ടിൽ മലിനജലം കെട്ടിക്കിടന്ന് പ്രദേശവാസികൾക്ക് മാറാരോഗങ്ങൾ പിടിപെടുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കാപ്പിത്തോട്ടിലെ മാലിന്യമാണ് രോഗം പിടിപെടാൻ കാരണമാകുന്നതെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

Exit mobile version