തിരുവനന്തപുരം കടക്കാവൂരിൽ വാഹനാപകടത്തിൽ ആറാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം. കായിക്കര ഏറത്തു പടിഞ്ഞാറ്റു വീട്ടിൽ ജോൺ പോളിൻ്റെയും പ്രബിന്ധ്യയുടേയും മകൾ സഖിയാണ്(11) മരണപ്പെട്ടത്. കടയ്ക്കാവൂർ എസ് എസ് പിബി എച്ച് എസ് ലെ ആറാം വിദ്യാർത്ഥിനിയാണ് സഖി. സ്കൂളിലെ പിടിഎ മീറ്റിങ്ങിനു ശേഷം ജോൺ പോൾ ഓടിച്ചിരുന്ന ഓട്ടോയിൽ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവയെയാണ് അപകടമുണ്ടായത്. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം.
നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജോൺ പോളിനും പ്രബിന്ധ്യയ്ക്കും പരിക്കുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

