Site iconSite icon Janayugom Online

പുതിയൊരിന്ത്യക്കായി പോരാട്ടം തുടരാം

ഐതിഹാസികമായ ചരിത്ര പാരമ്പര്യമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ തൊഴിലാളി — കർഷക — ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പോരാട്ട ഭൂമികയിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറവി കൊള്ളുന്നത്. ലോകത്തിലെ ആദ്യത്തെ വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവമെന്ന നിലയ്ക്ക് ഒക്ടോബർ വിപ്ലവം ലോകമെങ്ങുമുള്ള വിപ്ലവകാരികൾക്ക് ആവേശവും പ്രചോദനവും നൽകി. അങ്ങനെ നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ 1925 ഡിസംബർ 26ന് കാൺപുർ നഗരത്തിൽ ഒരു സമ്മേളനം നടത്തി. ഇന്ത്യൻ മണ്ണിൽ ആദ്യമായി നടന്ന ആ കമ്മ്യൂണിസ്റ്റ് സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവല്ക്കരിക്കപ്പെടുന്നത്. സുപ്രസിദ്ധ കവിയും ദേശീയ സ്വാതന്ത്ര്യ സമരനായകനുമായിരുന്ന ഹസ്രത്ത് മൊഹാനി ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. 1925 ഡിസംബർ 26ന് ഔദ്യോഗികമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നതിനു മുമ്പുതന്നെ നിരവധി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇന്ത്യയ്ക്കകത്തും പുറത്തും പ്രവർത്തിച്ചിരുന്നു. ഇന്ത്യയാകെ അലയടിച്ച സാമ്രാജ്യത്വ വിരുദ്ധ ദേശീയ വികാരത്തിന്റെ ഭാഗമായിട്ടാണ് കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകൾ നിലവിൽ വന്നത്. 1921 ൽ നടന്ന അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ ഹസ്രത്ത് മൊഹാനി (പിന്നീട് സിപിഐ സ്ഥാപക സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ) ആണ് പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി ഉയർത്തിയത്. എന്നാൽ കോൺഗ്രസ് നേതാക്കൾക്കാർക്കും തന്നെ പൂർണ സ്വാതന്ത്ര്യമെന്ന ആശയത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഗാന്ധിജി അതിനെ, ”നിരുത്തരവാദിത്തപരവും അപ്രായോഗികവും” എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരാകരിക്കുകയായിരുന്നു. ചില പ്രക്ഷോഭ സമരങ്ങൾ നയിക്കുമ്പോൾ പോലും പൂർണ സ്വാതന്ത്ര്യത്തിലേക്ക് അതിനെ വികസിപ്പിക്കാതെ സന്ധി ചെയ്തും ബ്രിട്ടീഷ്-നാടുവാഴിത്ത ഭരണാധികാരികളുമായി സമാധാനപരമായ സഹവർത്തിത്വം സ്ഥാപിച്ചുകൊണ്ടുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദേശീയ സ്വാതന്ത്ര്യ സമരം നയിച്ചത്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ആദ്യനാളുകൾ മുതൽ രാജ്യത്തിന്റെ പൂർണസ്വാതന്ത്ര്യത്തിനുവേണ്ടി, പരമാധികാര റിപ്പബ്ലിക്കിനുവേണ്ടി നിലകൊണ്ടു. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, കൈവേലക്കാർ, ഇടത്തരം വിഭാഗങ്ങൾ എന്നിവർക്കിടയിൽ രാഷ്ട്രീയ ബോധവും വിപ്ലവവികാരവും വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. മാർക്സ്, ഏംഗൽസ്, ലെനിൻ തുടങ്ങിയ വിപ്ലവാചാര്യന്മാരുടെ ആശയങ്ങൾ വിപുലമായ തോതിൽ ലോകമെങ്ങും പ്രചരിക്കുന്ന കാലഘട്ടം.

റഷ്യൻ വിപ്ലവത്തിന്റെ വിജയം കൂടിയായപ്പോൾ മാർക്സിസ്റ്റ് — ലെനിനിസ്റ്റ് സിദ്ധാന്തങ്ങൾ വിശേഷിച്ചും വിദ്യാർത്ഥികളെയും യുവാക്കളെയും അഗാധമായി സ്വാധീനിച്ചു. തീർത്തും മാർക്സിസ്റ്റ് ആശയങ്ങൾ സ്വായത്തമാക്കിയില്ലെങ്കിലും തീവ്രമായ ഇടതുപക്ഷ ബോധവും സോഷ്യലിസ്റ്റ് ചിന്താഗതിയും ആർജിച്ച അനേകം വിപ്ലവകാരികൾ ഇക്കാലത്തുയർന്നു വന്നു. അവരുടെ നേതൃത്വത്തിൽ നിരവധി വിപ്ലവ സംഘടനകളും രൂപം കൊണ്ടു. ‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ’, ‘ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി’, ‘നൗജവാൻ ഭാരത് സഭ’ എന്നിവ അതിൽ എടുത്തുപറയേണ്ടതാണ്. ഭഗത് സിങ്, സുഖ്ദേവ്, രാജഗുരു, ചന്ദ്രശേഖർ ആസാദ്, സൂര്യസെൻ തുടങ്ങിയ ധീരദേശാഭിമാനികൾ നടത്തിയ കലാപങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അഗാധമായി സ്വാധീനിച്ചു. ഇത്തരത്തിലുള്ള നിരവധി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ ജയിലിൽ കൊടിയ പീഡനത്തിനിരയാക്കുകയും വധിക്കുകയും നാടുകടത്തുകയും ചെയ്തു. എന്നാൽ എല്ലാവിധ പീഡനങ്ങളെയും അടിച്ചമർത്തലുകളെയും വധശിക്ഷകളെയും നേരിട്ടുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ മുന്നേറി. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 1924 ൽ കാൺപൂർ ഗൂഢാലോചനക്കേസ് ചുമത്തി വിപ്ലവകാരികളെ ജയിലിലടച്ചു. സഖാക്കൾ എസ് എ ഡാങ്കെ, ഷൗക്കത്ത് ഉസ്മാനി, മുസഫർ അഹമ്മദ്, നളിനി ഗുപ്ത, ശിങ്കാരവേലു ചെട്ടിയാർ എന്നിവരെയാണ് ജയിലിലടച്ചത്. പിന്നീടും എത്രയോ ഗൂഢാലോചന കേസുകൾ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ബ്രിട്ടീഷ് സാമ്രജ്യത്വം കെട്ടിച്ചമയ്ക്കുകയും നിരവധി ആദ്യകാല പഥികരെ ദീർഘകാലം ജയിലിലടയ്ക്കുകയും ചെയ്തു. 1925 ഡിസംബർ 26ന് കാൺപൂരിൽ വച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതോടെ ട്രേഡ് യൂണിയൻ സംഘടനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ വരാൻ തുടങ്ങി. ഇതിൽ എടുത്തു പറയേണ്ടതാണ് ബോംബെയിലെ ടെക്സ്റ്റൈൽ തൊഴിലാളി യൂണിയൻ. 80,000 ത്തോളം അംഗങ്ങളുണ്ടായിരുന്ന ബോംബെ ടെക്സ്റ്റൈൽ തൊഴിലാളി യൂണിയൻ ആറ് മാസം നീണ്ടു നിന്ന ഉജ്ജ്വലമായ പണിമുടക്കു നടത്തി. ഇന്ത്യൻ തൊഴിലാളി വർഗ ചരിത്രത്തിലെ ഐതിഹാസികമായ സംഭവമായിരുന്നു അത്. അതിനെ തുടർന്ന് ഇന്ത്യൻ റയിൽവേ തൊഴിലാളികളും സമരരംഗത്തിറങ്ങി. ഈ കാലഘട്ടത്തിൽ തന്നെയാണ് കൽക്കട്ടയിലെ ചണമിൽ തൊഴിലാളികൾ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ സംഘടിതരാവുന്നത്. ബോംബെയിൽ നിന്ന്, ”സോഷ്യലിസ്റ്റ്” അടക്കം കമ്മ്യൂണിസ്റ്റ് പത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ കാലയളവില്‍ തന്നെ. സാർവദേശീയ — ദേശീയ സംഭവ വികാസങ്ങൾ തൊഴിലാളി വർഗ വീക്ഷണത്തോടെ വിശദമാക്കാനും കമ്മ്യൂണിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കാനും ഈ പത്രങ്ങൾ അനിഷേധ്യമായ പങ്കു വഹിച്ചു.

 


ഇതുകൂടി വായിക്കാം; സിപിഐ രൂപീകരണം: ചരിത്രത്തെ വളച്ചൊടിക്കരുത്


 

1920 ൽ കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിൽ ലെനിൻ അവതരിപ്പിച്ച കൊളോണിയൽ തീസിസ്, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വാംശീകരിക്കുന്നതിന് സഹായകമായിരുന്നു. ഇതിനെ തുടർന്നാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയ മോചന പ്രസ്ഥാനവുമായി ഐക്യമുണ്ടാക്കാനും തൊഴിലാളിവർഗത്തിന്റെ സ്വന്തം രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് സമരം നയിക്കാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഒരു പുതിയ ദിശാബോധം കൈവന്നത്. 1930 കളിലെ ലോക മുതലാളിത്ത പ്രതിസന്ധി ഇന്ത്യയെപ്പോലുള്ള കോളനി രാജ്യങ്ങളിലെ ജനജീവിതം ദുസഹമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ തയാറായതോടെ, ഇന്ത്യൻ ജനങ്ങൾക്കിടയിൽ അസംതൃപ്തി പടർന്നു പിടിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്ത് പൂർണസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാൻ കടുത്ത സമ്മർദ്ദം ഉയർന്നുവന്നു. അങ്ങനെ ഗത്യന്തരമില്ലാതെ 1929 ൽ കോൺഗ്രസിന് പൂർണസ്വാതന്ത്ര്യം അതിന്റെ ലക്ഷ്യമായി അംഗീകരിച്ചു. 1921ല്‍ അഹമ്മദാബാദ് സമ്മേളനത്തില്‍ കോൺഗ്രസ് ഈ ആവശ്യം നിരാകരിച്ചെങ്കിലും 1922 ൽ ഗയയിൽ നടന്ന സമ്മേളനത്തിൽ ശിങ്കാരവേലു ചെട്ടിയാർ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു. വലിയ പിന്തുണ പൂർണസ്വാതന്ത്ര്യ പ്രമേയത്തിന് ലഭിച്ചു, എന്നാൽ ഇത് അംഗീകരിക്കപ്പെടുന്നത് 1929 ലെ ലാഹോർ സമ്മേളനത്തിലാണ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യം ആദ്യമായി ഉയർത്തുക മാത്രമല്ല അതിനുവേണ്ടി അനേകായിരം കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കൾ ജീവൻ ബലിയർപ്പിക്കുകയും കൊടിയ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തു. മർദനമുറകളും അടിമച്ചമർത്തലുകളുമൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ തടഞ്ഞില്ല എന്നു മാത്രമല്ല അത് പൂർവാധികം ശക്തിയോടെ വളരുകയാണുണ്ടായത്. ഒന്നാംലോകമഹായുദ്ധാനന്തരം ഇന്ത്യയിൽ തൊഴിലാളി യൂണിയനുകളോടൊപ്പം കർഷക പ്രസ്ഥാനങ്ങളും ഉയർന്നുവന്നു. 1920 ൽ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിക്കപ്പെട്ടു. 1923ൽ പ്രഥമ മെയ്ദിനാഘോഷം ഇന്ത്യയിലെങ്ങും സമുചിതമായി ആഘോഷിച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങളുടെ ഫലമായി 1930 കളിൽ കർഷക‑വിദ്യാർത്ഥി-പുരോഗമന സാഹിത്യ പ്രസ്ഥാനം തുടങ്ങിയ ബഹുജന സംഘടനകൾ സ്ഥാപിതമാവുകയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് സാമ്രജ്യത്വ നാടുവാഴിത്ത ഭരണത്തിനെതിരെ നിരന്തരം പ്രക്ഷോഭങ്ങൾ, സന്ധിയില്ലാ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കാം; തൊഴിലാളികളോടൊപ്പം നിന്ന കമ്മ്യൂണിസ്റ്റ്


 

കൊളോണിയൽ ഭരണത്തിന്റെ ആദ്യനാളുകളിൽ ഇന്ത്യയിൽ എണ്ണമറ്റ ഗോത്രവര്‍ഗകലാപങ്ങളും നാടുവാഴിത്ത വിരുദ്ധ യുദ്ധങ്ങളും സ്വാതന്ത്ര്യസമരങ്ങളും നടന്നിരുന്നു. പഴശ്ശിയുടെ നേതൃത്വത്തിൽ വയനാട്ടിലെ കുറിച്ച്യർ അണിനിരന്ന യുദ്ധം, വേലുത്തമ്പി ദളവയുടെ പോരാട്ടം, സാന്താൾ ഗോത്രവർഗകലാപം എന്നിവ പ്രധാനപ്പെട്ടവയാണ്. ടിപ്പുസുൽത്താൻ നടത്തിയ യുദ്ധം, ഝാൻസിറാണി, താന്തിയാതോപി, നാനാസാഹിബ്, മംഗള്‍പാണ്ഡെ തുടങ്ങിയ ധീര ദേശാഭിമാനികൾ അണിനിരന്ന ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം തുടങ്ങി ആവേശോജ്വലവും ത്യാഗനിർഭരവുമായ പോരാട്ടങ്ങളുടെ സമരോത്സുക സംസ്കാരത്തിന്റെ തുടർച്ചയായിരുന്നു സിപിഐ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനം. രണ്ടാംലോകമഹായുദ്ധകാലത്ത് സുദൃഢവും കൃത്യവുമായ രാഷ്ട്രീയ നിലപാടും അതനുസരിച്ചുള്ള പ്രവർത്തനങ്ങളുമാണ് സിപിഐ നടപ്പാക്കിയത്. ഇന്ത്യയെ രണ്ടാംലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ചതും ഇറ്റലി, ജർമ്മനി, ജപ്പാൻ തുടങ്ങിയ ഫാസിസ്റ്റു ശക്തികളെ വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചതും ബ്രിട്ടനാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ചൂണ്ടിക്കാണിച്ചു. ഫാസിസം ലോകത്തിന്റെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ ശത്രുവാണെന്ന് സിപിഐ വിലയിരുത്തി. എന്നാൽ കോൺഗ്രസിനെ പോലുള്ള ബൂർഷ്വാകക്ഷികൾ ലോകയുദ്ധം എന്ന അവസരം മുതലാക്കി ബ്രിട്ടനുമായി വിലപേശി എങ്ങനെയെങ്കിലും അധികാരക്കൈമാറ്റം നടത്താനുള്ള തത്രപ്പാടിലായിരുന്നു. അവരുടെ ലക്ഷ്യം പൂവണിഞ്ഞില്ല. രണ്ടാംലോകയുദ്ധം ജനകീയ യുദ്ധമായി മാറിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഫാസിസ്റ്റു വിരുദ്ധ ചേരിക്ക് പിന്തുണ നൽകി. ഫാസിസ്റ്റ് യുദ്ധകാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായകമായ ചില തെറ്റുകൾ സംഭവിച്ചു. ഫാസിസത്തോടുള്ള എതിർപ്പ് താത്വികമായി ശരിയായിരുന്നെങ്കിലും 1942 ലെ ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും വിട്ടുനിന്നത് ചരിത്രപരമായ പാളിച്ചയായിരുന്നു എന്ന് പിന്നീട് പാർട്ടി തന്നെ വിലയിരുത്തുകയുണ്ടായി. ഒരു രാജ്യത്തിന്റെ ദേശീയ പ്രസ്ഥാനത്തിൽ നിന്നും മുഖം തിരിഞ്ഞുനിന്നുകൊണ്ട് ഫാസിസ്റ്റുകൾക്കെന്നല്ല, ഒരു ശക്തിക്കുമെതിരെ പോരാട്ടം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധ്യമല്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നതിൽ ഗുരുതരമായ വീഴ്ചയാണ് പാർട്ടിക്ക് അക്കാലത്ത് സംഭവിച്ചത്. തൊഴിലാളിവർഗ സാർവദേശീയതയെ സംബന്ധിച്ച വരട്ടുതത്വവാദം ആണ് അക്കാലത്ത് പാർട്ടിയെ പിടികൂടിയത്. എന്നാൽ ഈ പാളിച്ച തിരുത്താനും തിരിച്ചടികൾ മുന്നേറ്റമാക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികനാൾ കാത്തുനിൽക്കേണ്ടി വന്നില്ല. (അവസാനിക്കുന്നില്ല)

Exit mobile version