Site iconSite icon Janayugom Online

യൂറോപ്പില്‍ നിലനില്പിന്റെ പോരാട്ടം

യൂറോപ്യൻ ഫുട്‌ബോളിൽ അടിയും തിരിച്ചടിയും വാശിയും വഴക്കും കോച്ചുമാരുടെ നിലനില്പിലെ ചാഞ്ചല്യവും ചേർന്നു വൈവിധ്യമാർന്ന കളിക്കളങ്ങളും ആരാധകരുടെ സമ്മിശ്രവികാരങ്ങളും ചേർന്ന് നിൽക്കുകയാണ്. ഓരോ കളിയും തുടങ്ങുന്നതും അവസാനിക്കുന്നതും കളിക്കാരെ സമ്മർദ്ദത്തിലാക്കുന്നു. പഴയതും പുതിയതുമായ താരനിരയുടെ നിലനില്പിന്റെ മത്സരങ്ങളാണ് മിക്കതും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും തോറ്റതിന്റെ ജാള്യതയിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പയിലെ ഇംഗ്ലീഷ് ഫൈനലിൽ കടന്നു വന്നത് വലിയ വിജയാരവും ആശ്വാസവും തന്നെയാണ്. സെമിയിൽ രണ്ടു പാദങ്ങളിലായി അത്‌ലറ്റിക്ക് ബിൽബാവോയെ തോല്പിച്ചാണ് ഫൈനൽ ബർത്തിലെത്തിയത്. രണ്ടാം പാദം കടുത്ത പോരാട്ടമായിരുന്നു. 70 മിനിറ്റ് മാഞ്ചസ്റ്ററിനെ ഒരു ഗോളിന് പിന്നിലാക്കി വരിഞ്ഞു മുറുക്കിയ അത്‌ലറ്റിക്കിനെ തളയ്ക്കാനുള്ള കോച്ചിന്റെ തന്ത്രം വിജയം കണ്ടു. 71-ാം മിനിറ്റിൽ മുന്നേറ്റനിരയിൽ ഇരട്ട മാറ്റംവരുത്തിയപ്പോൾ മാത്രമാണ് ഒരു ഗോൾ തിരിച്ചടിച്ചു മാനം രക്ഷിച്ചത്. കളിനിരീക്ഷണത്തിൽ കാര്യക്ഷമത കാണിച്ച കോച്ച് അഭിനന്ദനം അർഹിക്കുന്നു. മാറ്റിയത് പ്രഗത്ഭരേയും പകരക്കാരായി വന്നവർ ആവറേജ് താരങ്ങളുമായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 15-ാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം അറിയാതെ ഇംഗ്ലീഷ് ലീഗിൽ ഫൈനലിൽ എത്തി. ഫൈനലിൽ എതിരാളികളായി വരുന്ന ടോട്ടനം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 16-ാം സ്ഥാനക്കാരാണ്.

ചെല്‍സി-റയല്‍ ബെറ്റിസ്

യൂറോപ്യൻ ഫുട്‌ബോളിൽ മിക്ക ടീമുകൾക്കും നോട്ടമിടാൻ ഏതെങ്കിലും ഒന്ന് കാണുമെന്ന നിലയിലാണ്. യുവേഫ കോൺഫറൻസ് ലീഗിൽ ചെൽസിയും റയല്‍ ബെറ്റിസും ഫൈനലിൽ എത്തി. ചെൽസി ആദ്യപാദത്തിൽ 4–1 എന്ന മാർജിനിൽ വൻ വിജയം നേടിയിരുന്നു. രണ്ടാം പാദം എളുപ്പത്തില്‍ ജയിക്കാമെന്ന കണക്ക് കൂട്ടലിൽ പ്രധാന കളിക്കാരെ മാറ്റി നിർത്തി. പുതിയ നിരയിൽ 16കാരനായ റെഗ്ഗി വാൽഷും ആദ്യ 11ല്‍ ഇറങ്ങി. പക്ഷെ ടീമിന്റെ ആദ്യ വിജയത്തിൽ ആവേശമുള്ള കളിക്കാർ ആഞ്ഞടിച്ച് ഒരു ഗോൾ വിജയം നേടി. ഈ ഫൈനൽകൂടി ജയിച്ചാൽ പ്രധാന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെല്ലാം ജയിച്ചുവെന്നപ്രശസ്തിയാണ് ചെൽസിയെ കാത്തിരിക്കുന്നത്.

പിഎസ്ജി-ഇന്റര്‍ മിലാന്‍

ഖത്തർ മുതലാളിമാരുടെ പണക്കൊഴുപ്പിൽ യൂറോപ്യൻ ഫുട്‌ബോളിൽ ആധിപത്യം കൈക്കലാക്കാൻ വന്ന പിഎസ്ജി ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ബർത്ത് നേടി. മെസിയും എംബാപ്പെയും നെയ്മറും ഒന്നിച്ചു കളിച്ചിട്ടും നിർഭാഗ്യത്തിന്റെ നീരാളിപ്പിടിത്തത്തിൽ പിന്നിലായിരുന്ന പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിച്ചു. ഇനി ഒരു കളിയുടെ അകലം മാത്രം. ഫൈനലിൽ ഇന്റർ മിലാനാണ് എതിരാളി. കളിയിലുടനീളം ടീം കോമ്പിനേഷൻ പ്രകടമായിരുന്നു. കൃത്യമായ പാസുകളും കണക്ട് ചെയ്യുന്ന രീതിയും ആകർഷകമായി. 11 കളിക്കാരും ജയിക്കാനായി ടീമിനുവേണ്ടി കളിച്ചതിന്റെ റിസൾട്ട് രണ്ടാം സെമിയിൽ കണ്ടു. ആഴ്സണൽ ആഞ്ഞു കഴിച്ചപ്പോൾ പന്ത് പിഎസ്ജിയുടെ ഏരിയയിൽ തന്നെയായിരുന്നു. അവിടെ ഉരുക്കുഭിത്തിപോലെ ഡൊണ്ണരുമ്മ നിലയുറപ്പിച്ചു. ജയിക്കാൻവേണ്ടി മാത്രം വന്നവർ തലകുനിച്ചു മടക്കയാത്രയായി. മികച്ച പരിശീലകൻ ടീമിന്റെ വിജയ ശില്പികൂടിയാകുമെന്ന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
പരിശീലകന്റെ മികവുകൊണ്ട് മാത്രം ലോകകപ്പിന്റെ ഫൈനൽ ജയിച്ചതും ഫുട്‌ബോൾ പ്രേമികൾ മറക്കില്ല. കളിയിലുടനീളം വിജയശില്പിയും ഗോളടി യന്ത്രവുമായ ക്ലോസെയെ നിഷ്കരുണം തിരിച്ചു വിളിച്ചു. ഗോഡ്സെയെ പകരക്കാരനാക്കിയത് കളി അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ്. എല്ലാവരും പറഞ്ഞു, ഇതെന്ത് കഥ. മികച്ച ഗോളടിവീരനെ മാറ്റിയിട്ട് ആരെയാണ് കൊണ്ട് വന്നത്, അത് രസതന്ത്രത്തിന്റെ ഭാഗമായിരുന്നു. ക്ലോസെയെ മാർക്ക് ചെയ്ത രണ്ടു ഡിഫന്റർമാർ കൺഫ്യൂഷനിലായി. ഈ പഴുതിൽ ഗോഡ്സെ ഗോളടിച്ചു, ജർമ്മനി ചാമ്പ്യന്മാരായി. ഇതുപോലെയുള്ള നിരവധി ഉദാഹരണങ്ങൾ എടുത്തു പറയാനുണ്ട്. ഓരോ കളിക്കാരന്റെയും പ്ലസും നെഗറ്റീവും നിരീക്ഷിക്കാനും അതിനനുസരിച്ച് കളിയെ പിന്നിൽ നിന്ന് നയിക്കാനും തന്ത്രശാലികളായ കോച്ചുമാർക്ക് കഴിയും.

റയലിന് പുതിയ ആശാന്‍

റയൽ മാഡ്രിഡ് യൂറോപ്യൻ ക്ലബ്ബുകളിൽ മുൻനിരയിൽ ഉള്ളവരാണ്. ഒരുപാട് കാലമായി അവരുടെ വിജയത്തിലും പരാജയത്തിലും ആഞ്ചലോട്ടി കൂടെയുണ്ട്. എന്തായാലും അദ്ദേഹം പു­തിയ കൂടാരം തേടുകയാണ്. ലാലിഗയിലെ പ­രാജയമാണ് ആഞ്ചലോട്ടിയുടെ സ്ഥാനം തെറിപ്പിച്ചത്. പകരക്കാരെ തേടിയ റയലിന് ജർമ്മൻ ക്ലബ്ബ് ബയേർ ലെവർ കൂസന്റെ പരിശീലകനായി സാബി അലോൻസോയാണ് എത്തുന്നത്. പഴയ ലോകോത്തര താരമായ അലൻസോ ജർമ്മൻ ക്ലബ്ബിന്റെ പരിശീലകനായിരുന്നു. ആഞ്ചലോട്ടിയുടെ ഭാവിയെക്കുറിച്ച് തീരുമാനമായില്ല. ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ ചർച്ച നടന്നിരുന്നു. ഒരു പരിശീലകന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. ടീമിന്റെ വീഴ്ചയ്ക്കും താഴ്ചയ്ക്കും അദ്ദേഹം മറുപടി പറയണം. ബാഴ്‌സലോണ തോറ്റപ്പോൾ മുൻനിര താരങ്ങൾ അവരുടെ മനോദുഃഖം പങ്കുവച്ചത് ലോകം ശ്രദ്ധിച്ചു. പുതിയ കാലത്തിന്റെ സൃഷ്ടിയായ ലാമിന്‍ യമാല്‍ പറഞ്ഞത് ഞങ്ങൾക്ക് നന്നായി കളിച്ചു ജയിക്കാനായില്ല. ഇത് ഒരു പാഠമായെടുത്ത് പോരാടുമെന്നാണ്. വളരെ ചെറുപ്പത്തിൽ ലോകതാരമായി ഉയർന്നിട്ടും വന്ന വഴി മറക്കാതെ കളിക്കുന്ന താരങ്ങൾക്ക് മാതൃകയാണിത്. എന്നാൽ ഒരു ലോകകപ്പ് കളിച്ചു ലോകത്താകെ അറിയപ്പെടുന്ന എംബാപ്പെ അത്രത്തോളം ഉയരാത്തത് ശ്രദ്ധിക്കപ്പെട്ടു.

Exit mobile version