Site iconSite icon Janayugom Online

കോളറ ബാധിച്ച് വിദ്യാര്‍ത്ഥി മരി ച്ചു

anuanu

നെയ്യാറ്റിന്‍കരക്ക് സമീപം മാരായമുട്ടം മരുതത്തൂരില്‍ സ്വകാര്യ കെയര്‍ ഹോമിലെ വിദ്യാര്‍ത്ഥി കോളറ ബാധിച്ച് മരിച്ചു. വിതുര തൊളിക്കോട് മലയടി മുളമൂട്ടില്‍ വീട്ടില്‍ അനില്‍കുമാര്‍— ഷീല ദമ്പതികളുടെ രണ്ടാമത്തെ മകന്‍ അനു (26)ആണ് മരിച്ചത്. കെയര്‍ ഹോമിലെ വൊക്കേഷണല്‍ ഡിവിഷനില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനു.
കഴിഞ്ഞ നാലാം തീയതി രാത്രിയില്‍ ഛര്‍ദ്ദിലും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് അഞ്ചിനു പുലര്‍ച്ചെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്നുള്ള അന്വേഷണവും പരിശോധനകളുമാണ് മരണകാരണം കോളറ എന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ സ്ഥാപനത്തിലെ 12 വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

രോഗ ലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ വേഗം പരിശോധനയ്ക്കയയ്ക്കാൻ മന്ത്രി നിർദേശം നൽകി. കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവർക്കോ കുടുംബാംഗങ്ങൾക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
സ്ഥാപനത്തിന്റെ തന്നെ സ്കൂളിലെ ചില കുട്ടികൾക്ക് കോളറ ലക്ഷണങ്ങൾ കണ്ടതിനാൽ അവർക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. ശക്തമായ വയറിളക്കമോ ഛർദ്ദിലോ നിർജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അടിയന്തരമായി ചികിത്സ തേടണം. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.

Eng­lish Sum­ma­ry: The stu­dent di ed of cholera

You may also like this video

Exit mobile version