Site icon Janayugom Online

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; തമിഴ്‌നാട്ടില്‍ വന്‍ സംഘര്‍ഷം

തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍ സംഘര്‍ഷം. കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോര്‍ഡിങ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. പഠിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസിക പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്‌കൂളിലെ മറ്റു കുട്ടികളും ഇതേരീതില്‍ പെരുമാറിയെന്നും കുറിപ്പിലുണ്ട്.

വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ആക്രമിച്ചു. 30 സ്‌കൂള്‍ ബസും നാലു പൊലീസ് വാഹനങ്ങളും ഉള്‍പ്പെടെ 50ലേറെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. സ്‌കൂള്‍ കെട്ടിടം തല്ലിത്തകര്‍ത്തു. പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധക്കാര്‍ സ്‌കൂളിനകത്ത് അക്രമം തുടരുകയാണ്.

സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ജൂലൈ 12ന് രാത്രിയാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ സുരക്ഷാ ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കള്ളക്കുറിച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു.

ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍, കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അധ്യാപകരെ വിട്ടയച്ചു.

ഞായറാഴ്ച രാവിലെ, പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്‌കൂളിനു മുന്നിലെത്തിയും പ്രതിഷേധിക്കുകയായിരുന്നു. കുറ്റക്കാരായ അധ്യാപകരെയും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്ന വിദ്യാര്‍ഥികളെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം. ഇന്നലെ മുതല്‍ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായിരുന്നു. പ്രദേശത്തു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

Eng­lish sum­ma­ry; The sui­cide of the stu­dent; Mas­sive con­flict in Tamil Nadu

You may also like this video;

Exit mobile version