Site iconSite icon Janayugom Online

പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത് രേഖാമൂലമാകണം; അലഹബാദ് ഹൈക്കോടതി

പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത് രേഖാമൂലമായിരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ വിട്ട് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ വിളിപ്പിക്കുന്നത് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ അറിവോടെയായിരിക്കണമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് മനീഷ് മാതൂരും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

പരാതി ലഭിച്ചുകഴിഞ്ഞാല്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനോ വിശദമായ അന്വേഷണങ്ങള്‍ക്കോ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തേണ്ടതായി വന്നാല്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡ് പിന്തുടരണം. സ്റ്റേഷനില്‍ ഹാജരാകേണ്ട ആള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരിക്കണം ഈ നടപടികളെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ ജീവനും സ്വാതന്ത്ര്യവും അന്തസും അപകടത്തിലാക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ലഖ്നൗവിലെ മഹില താനെ പൊലീസ് സ്റ്റേഷനിലേക്ക് പോയ മാതാപിതാക്കള്‍ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് മകള്‍ സരോജിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി ഹേബിയസ് കോര്‍പസ് ആയി പരിഗണിക്കുകയും ഏപ്രില്‍ എട്ടിന് വാദം കേള്‍ക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇത്തരത്തിലാരെയും വിളിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കൗണ്‍സല്‍ അറിയിക്കുകയായിരുന്നു.

ഏപ്രില്‍ 13ന് സരോജിനിക്കൊപ്പം മാതാപിതാക്കളായ റാം വിലാസും സാവിത്രിയും കോടതിയില്‍ ഹാജരായി. പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും സ്റ്റേഷനിലെത്തിയപ്പോള്‍ തടവിലാക്കി മര്‍ദ്ദിച്ചുവെന്നും ഇരുവരും കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ ഇവര്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വരികയായിരുന്നുവെന്നും പരാതി നല്‍കിയശേഷം അന്നുതന്നെ മടങ്ങിയതായും പൊലീസ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതി നിര്‍ണായക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Eng­lish summary;The sum­mons to the police sta­tion must be in writ­ing; Alla­habad High Court

You may also like this video;

Exit mobile version