Site iconSite icon Janayugom Online

മോഡിഭരണത്തില്‍ എംപിമാരുടെ സസ്പെന്‍ഷന്‍ ഇരട്ടിയായി

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ കഷ്ടിച്ച് 10 വര്‍ഷം വരുന്ന ഭരണത്തിനിടയില്‍ ലോക്‌സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 94. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടെ ആകെ 50 എംപിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. എന്‍ഡിഎ ഭരണത്തില്‍ സസ്പെന്‍ഷന്‍ ഇരട്ടിയായാണ് വര്‍ധിച്ചത്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനിടെ ബിഎസ്‌പി അംഗം കുന്‍വര്‍ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിശേഷിപ്പിച്ച ബിജെപി അംഗം ഭരണസ്വാധീനം ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. അതേസമയം നിസാര കാരണങ്ങള്‍ക്ക് പ്രതിപക്ഷ അംഗങ്ങളെ തെരഞ്ഞ് പിടിച്ച് സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്ത പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 10 നാണ് ചൗധരിയുടെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്. വര്‍ഷകാല സമ്മേളനത്തില്‍ എഎപി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ നാലു ലോക്‌സഭകളില്‍ യുപിഎ സര്‍ക്കാരിന്റെ 2004 മുതല്‍ 14 വരെയുള്ള രണ്ട് തവണ ആകെ 50 എംപിമാരാണ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. എന്നാല്‍ 2014 മുതല്‍ 23 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്ന് രേഖകള്‍ പറയുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരാണ് സസ്പെന്‍ഷന്‍ നടപടിക്ക് വിധേയരായതെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുകയും ജനപക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ വേട്ടയുടെ മറ്റൊരു മുഖമാണ് മോഡിയുടെ ഒമ്പത് വര്‍ഷത്തെ ഭരണം എംപിമാരുടെ സസ്പെന്‍ഷന്‍ നടപടിയിലുടെ കാട്ടിത്തരുന്നത്. 

Eng­lish Summary:The sus­pen­sion of MPs has dou­bled in the Modi regime
You may also like this video

Exit mobile version