അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തിൻ്റെ നിർദേശപ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി. 13 അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചത് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ 13 വയസുകാരനാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഖോസ്ത് പ്രവിശ്യയിലെ ഒരു സ്പോർട്സ് സ്റ്റേഡിയത്തിൽ വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതിയായ മംഗളിന് നേരെ അഞ്ച് തവണയാണ് വെടിയുതിർത്തത്. കൊലപാതകത്തിന് സാക്ഷ്യം വഹിക്കാൻ ഏകദേശം 80,000ത്തോളം പേർ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയതായാണ് റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ട മംഗളിനെ അഫ്ഗാൻ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഈ ശിക്ഷ അംഗീകരിച്ചതിനെ തുടർന്നാണ് നടപ്പിലാക്കിയത്. അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ നടപ്പിലാക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണിത്. വധശിക്ഷയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ അഫ്ഗാൻ സർക്കാരിനെതിരെ ലോകമെമ്പാടുനിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇത് “മനുഷ്യത്വരഹിതവും, ക്രൂരവും, അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമായ അസാധാരണ ശിക്ഷയാണ്” എന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് പ്രതികരിച്ചു.

