Site iconSite icon Janayugom Online

കേരളത്തിന്റെ മാതൃകയില്‍ എഐ ക്യാമറ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാടും

കേരളത്തിലെ റോഡുകളിലെ ഗതാഗത നിയമ ലംഘനങ്ങളും അപകടങ്ങളും കുറയ്ക്കാൻ സഹായിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ഗതാഗത ഉദ്യോഗസ്ഥരുടെ സംഘം കേരളത്തിലെത്തി.

ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെയും മറ്റ് മൂന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെയും നേതൃത്വത്തിലുള്ള തമിഴ്‌നാട് സംഘം ആർടിഒ ഓഫീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ എഐ ക്യാമറ സിസ്റ്റത്തിന്റെ സ്റ്റേറ്റ് കൺട്രോൾ റൂമും സന്ദർശിച്ച് പ്രവർത്തനം മനസ്സിലാക്കിയതായി അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം അപകടങ്ങള്‍ പകുതിയായി കുറയുകയും ഗതാഗത നിയമലംഘനങ്ങൾ 50 ശതമാനത്തിലധികം കുറഞ്ഞതായും ഗതാഗത മന്ത്രി ആന്റണി രാജു അടുത്തിടെ പറഞ്ഞിരുന്നു.

കെൽട്രോണും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പവർപോയിന്റ് പ്രസന്റേഷനിലൂടെ എഐ സംവിധാനത്തിന്റെ പ്രവർത്തനം തമിഴ്‌നാട് ടീമിന് വിശദീകരിച്ചു നല്‍കി.എഐ ക്യാമറകൾ ഉപയോഗിച്ചുള്ള ഗതാഗത നിരീക്ഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തമിഴ്‌നാട് സർക്കാരിന് സമർപ്പിക്കുമെന്ന് തമിഴ്നാട് ട്രാൻസ്‌പോർട്ട് കമ്മീഷണർ എ എ മുത്തു പറഞ്ഞു. കേരളത്തിലെ എഐ ക്യാമറ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കർണാടകയിൽ നിന്നുള്ള ഒരു സംഘവും എത്തിയിരുന്നുവെന്നും എഐ സംവിധാനം കണ്ട ഡൽഹി സർക്കാരിലെ ഒരു മന്ത്രിയും തലസ്ഥാന മേഖലയിലെ ഗതാഗത ഉദ്യോഗസ്ഥരും കേരളം സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി എംവിഡി വൃത്തങ്ങൾ പറഞ്ഞു. 

Eng­lish Summary:The Tamil­nadu team came to Ker­ala to study the AI ​​cam­era system

You may also like this video

Exit mobile version