Site iconSite icon Janayugom Online

അധ്യാപിക മുന്‍ ഭര്‍ത്താവിന് പ്രതിമാസം ജീവനാംശം നല്‍കണം

വിവാഹമോചനം നേടിയ അധ്യാപിക മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതിയും. കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച ബോംബെ ഹൈക്കോടതി സര്‍വകലാശാല അധ്യാപികയോട് മുന്‍ ഭര്‍ത്താവിന് മാസം 3000 രൂപ വീതം നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

നേരത്തെ മഹാരാഷ്ട്രയിലെ നന്ദേഡ് കോടതിയും ഇതേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി വിധിക്കെതിരേ അധ്യാപിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹിന്ദു വിവാഹ നിയമപ്രകാരം പങ്കാളികള്‍ക്ക് ജീവനാംശം ആവശ്യപ്പെടാമെന്ന് വ്യക്തമാക്കിയാണ് കീഴ്‌ക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. 1992ലാണ് ഹര്‍ജിക്കാരിയും മുന്‍ ഭര്‍ത്താവും തമ്മില്‍ വിവാഹിതരായത്. 23 വര്‍ഷത്തെ ദാമ്ബത്യജീവിതത്തിന് ശേഷം 2015 ല്‍ ഇരുവരും വിവാഹമോചിതരായി.

ഭര്‍ത്താവില്‍നിന്ന് ക്രൂരമായ ഉപദ്രവമുണ്ടെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഇത് കോടതി അനുവദിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവ് ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

അധ്യാപികയായ ഭാര്യ ബന്ധം വേര്‍പിരിഞ്ഞതോടെ ജീവിതച്ചെലവിന് പണം ഇല്ലാതായെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. തനിക്ക് എല്ലാമാസവും 15,000 രൂപ വീതം ജീവനാംശം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് മറ്റ് വരുമാന മാര്‍ഗങ്ങളില്ല.

മാത്രമല്ല, ഭാര്യയെ ഉപരിപഠനത്തിന് പ്രോത്സാഹിപ്പിച്ചതും ഈ സമയത്ത് വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്തതും താനാണ്. അതിനാല്‍ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് നന്ദേഡ് കോടതിയും ബോംബെ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചത്.

Eng­lish sum­ma­ry; The teacher has to pay month­ly alimo­ny to the ex-husband

You may also like this video;

YouTube video player
Exit mobile version