സംസ്ഥാന കടാശ്വാസ കമ്മിഷനില്‍ അപേക്ഷ സമർപ്പിക്കുന്ന കർഷകരുടെ വായ്പകളുടെ സമയപരിധി ദീര്‍ഘിപ്പിച്ചു. വയനാട്, ഇടുക്കി ജില്ലയിലെ കർഷകരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ എന്നത് 2020 ഓഗസ്റ്റ് 31 വരെയും മറ്റ് 12 ജില്ലകളിലെ കർഷകർക്ക് 2014 മാര്‍ച്ച് 31 എന്നത് 2016 മാര്‍ച്ച് 31 വരെയുമാണ് ദീർഘിപ്പിച്ചതെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് നിരന്തരം പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർ കടക്കെണിയിൽ അകപ്പെടാതിരിക്കുന്നതിനും, സംസ്ഥാനത്തെ കർഷകരിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചുമാണ് തീരുമാനം. കർഷകർ സഹകരണ ബാങ്കുകളിൽ/ സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് അനുവദിച്ചു വരുന്നത്.
കമ്മിഷനിൽ 2020 മാര്‍ച്ച് 31 വരെ 5,50,507 അപേക്ഷകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ലഭിച്ച അപേക്ഷകളിൽ മാറ്റിവയ്ക്കപ്പെട്ടിരുന്ന 77,423 അപേക്ഷകൾ കൂടി സർക്കാർ ഉത്തരവ് പ്രകാരം പരിഗണിച്ചു വരുന്നു. ഇപ്രകാരം ആകെ 6,27,930 അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 വരെ 5,30,348 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. അവശേഷിക്കുന്നത് 97,582 അപേക്ഷകളാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളുടെ കേസുകൾ മുഴുവനായും തീർപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുടിശികയുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് കമ്മിഷൻ സിറ്റിങ്ങുകളുടെ എണ്ണം കൂട്ടിയും (ഓൺലൈൻ സിറ്റിങ്ങുകൾ ഉൾപ്പെടെ) തീവ്ര യത്നം നടത്തി വരികയാണ്. സിറ്റിങ് നടത്തുന്ന ദിവസങ്ങളിൽ പരമാവധി ബെഞ്ചുകളിൽ പരമാവധി അപേക്ഷകൾ തീർപ്പാക്കുന്നതിനും ശ്രമിച്ചുവരുന്നു. പ്രവർത്തനമാരംഭിച്ച 2007-08 കാലയളവ് മുതൽ ഇതുവരെ 565,20,04,551 രൂപയുടെ കടാശ്വാസ ശുപാർശ ഉത്തരവാണ് കമ്മിഷൻ പാസാക്കിയതെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു.
English Summary: The tenure of farmers’ loans has been extended
You may also like this video