Site icon Janayugom Online

കര്‍ണാടകയില്‍ പത്താം ക്ലാസിന്റെ പുസ്‌‌തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തു

കേരളത്തിനൊപ്പം ശ്രീനാരായണ ഗുരു ജയന്തി വിശേഷ ദിനമായി പ്രഖ്യാപിച്ച കർണാടകയിൽ ഗുരുവിന്റെ സ്മരണ ഇല്ലാതാക്കാൻ ഭരണകൂട നീക്കം. ഇതിന്റെ ഭാഗമായി പത്താം ക്ലാസിലെ കന്നഡ പാഠപുസ്‌‌തകത്തിൽ നിന്ന് ഗുരുവിനെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്തു. ഇതോടെ ഗുരുവിന്റെ ആശയങ്ങളെ പിന്തുടരുന്ന, കേരളത്തിലെ ഈഴവ സമുദായത്തിന്റെ സഹോദര സമുദായമായ ബില്ലവ വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹ്യ പരിഷ്കർത്താവായ ഗുരുവിനെക്കുറിച്ചുള്ള പാഠ ഭാഗം നീക്കം ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

എഴുത്തുകാരനായ രോഹിത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠ പുസ്തക പരിഷ്കരണ സമിതിയാണ് പാഠപുസ്തകത്തിൽ നിന്ന് ഗുരുവിനെയും പെരിയോറിനെയും ഭഗത് സിംഗിനെയും നീക്കി പകരം ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസം​ഗം ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയത്. ഇതിനെതിരെയാണ് സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് റസിഡൻഷ്യൽ സ്ക്കൂളുകൾ സ്ഥാപിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച സർക്കാറാണ് പാഠപുസ്തകത്തിൽ നിന്ന് തന്നെ ഗുരുവിനെ മായ്ച്ചുകളയുന്നത്.

പാഠപുസ്‌തകത്തിൽ നിന്ന് ഭഗത് സിം​ഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. മംഗലാപുരത്തെ കുദ്രോളി ഗോകർണനാഥ ക്ഷേത്രം ഉൾപ്പെടെ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന് കർണാടകയിലും ധാരാളം അനുയായികളുണ്ട്. ബില്ലവ വിഭാഗം ഗുരുവിന്റെ ആദർശങ്ങൾ പിന്തുടർന്നാണ് മുന്നോട്ടു പോകുന്നത്.

നേരത്തെ തന്നെ ശ്രീനാരായണഗുരു ജയന്തി വിശേഷ ദിനമായി പ്രഖ്യാപിക്കുകയും സർക്കാർ കലണ്ടറിൽ അംബേദ്ക്കർ, വാൽമീകി എന്നിവർക്കൊപ്പം ഗുരുവിനും സ്ഥാനം നൽകിയ സംസ്ഥാനം കൂടിയാണ് കർണാടക. സാമൂഹ്യപരിഷ്‌കർത്താക്കളെ പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കി ആർഎസ്എസ് സ്ഥാപകന്റെ പ്രസം​ഗം ഉൾപ്പെടുത്തിയ നടപടിയെ വിമർശിച്ച് നിരവധി സംഘടനകളും നേതാക്കളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

യഥാർത്ഥ ആദർശ പുരുഷൻ എന്നർത്ഥം വരുന്ന നിജ വാഡ ആദർശ പുരുഷ യാര ബേക്കു എന്ന തലക്കെട്ടിലാണ് ഹെഡ്ഗേവാറിന്റെ പ്രസംഗം പാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെഡ്ഗേവാറിനെക്കുറിച്ചോ ആർ എസ് എസിനെക്കുറിച്ചോ ഉള്ള പാഠ ഭാഗം പാം പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്ന ഒരു പ്രസംഗം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമാണ് ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം.

തീരുമാനത്തിൽ തെറ്റില്ലെന്നും വിദ്യാർത്ഥികൾക്ക് യഥാർത്ഥ ആദർശ പുരുഷനെ തെരഞ്ഞെടുക്കാൻ സഹായകരമാകും പാഠ ഭാഗമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം. ഹിന്ദു മത ഗ്രന്ഥമായ ഭഗവത് ഗീത സ്ക്കൂളുകളിൽ പഠിപ്പിക്കാൻ അനുമതി നൽകിയതിലും സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പല സർക്കാർ വിദ്യാലയങ്ങളുടെ ചുമരിലും സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം ആർ എസ് എസ് നേതാക്കളുടെ ചിത്രങ്ങളും ഇടം പിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഗാന്ധിയ്ക്കും അബേദ്ക്കറിനുമെല്ലാമൊപ്പം വിദ്യാർത്ഥികളുടെ മനസിൽ സ്വാതന്ത്ര്യ സമര സേനാനികളായി ആർ എസ് എസ് നേതാക്കളെയും സ്ഥാപിക്കാനാണ് നീക്കം നടക്കുന്നത്.

Eng­lish summary;The text on Sree Narayana Guru has been removed from the 10th class text­book in Karnataka

You may also like this video;

Exit mobile version