സർവ്വശിക്ഷാ കേരള പദ്ധതിയുടെ ഭാഗമായി മണ്ണഞ്ചേരി പൊന്നാട് എൽ പി സ്ക്കൂളിൽ ‘താലോലം’ ത്തിനു തുടക്കമായി. കുട്ടികൾക്ക് സ്ക്കൂളിനോടും പഠനത്തോടും ഇഷ്ടം ഉണ്ടാക്കാനും ബോധന ശേഷി വർദ്ധിപ്പിക്കാനുമാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ശാസ്ത്ര, ഗണിത, ചിത്രകല, വായന, നിർമ്മാണം, അഭിനയ, സംഗീതം തുടങ്ങിയ മൂലകളിൽ ചിത്രങ്ങളും ഉപകരണങ്ങളും രൂപങ്ങളും പാവകളും കൊണ്ട് നിറച്ച് മനോഹരമാക്കിയിരിക്കുന്നു.
കൂടാതെ ചുവരുകളിൽ അക്ഷരങ്ങളുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും മനോഹരമായ വർണ്ണചിത്രങ്ങൾ. കുട്ടികളെ ഓരോ വിഷയം പഠിപ്പിക്കുമ്പോഴും വിഷയവുമായി ബന്ധപ്പെട്ട മൂലകളിൽ കൊണ്ടുവന്ന് പഠിപ്പിക്കുന്നു. അപ്പോൾ അവയെ കണ്ടും കേട്ടും തൊട്ടറിഞ്ഞും ചിരിച്ചും കളിച്ചും സന്തോഷത്തോടെ പഠിക്കാനുള്ള അവസരം ഒരുക്കുന്നു. ഇത്തരം സൗകര്യങ്ങൾ സർക്കാർ ഫണ്ടും ബഹുജന പങ്കാളിത്തത്തോടെയുമാണ് നിർവ്വഹിക്കുന്നത്. സ്ക്കൂളിൽ ബഹുനില കെട്ടിവും കുട്ടികളുടെ പാർക്കും ഉദ്യാനവും പച്ചക്കറി തോട്ടവും വായനശാലയും അടക്കമുള്ള പ0ന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു നിൽക്കുന്നുണ്ട്.
താലോലത്തിന്റെ ഉദ്ഘാടനം മണ്ണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ ഉദയമ്മ നിർവ്വഹിച്ചു.എം എം മനോജ് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ കെ എസ് ഹരിദാസ്,ചേർത്തല ബി പി സി ടി ഒ സൽമോൻ, ബി ആർ സി ട്രയിനർ എസ് മനോജ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ ജി ലതാകുമാരി സ്വാഗതവും ശ്രീജമോൾ നന്ദിയും പറഞ്ഞു.