Site iconSite icon Janayugom Online

മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി; മുംബൈയിൽ വ്യവസായിയിൽ നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് സ്ത്രീകൾ പിടിയിൽ

റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 5.5 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് സ്ത്രീകളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോർഷൻ സെൽ നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ഭീഷണിപ്പെടുത്തിയ പണത്തിന്റെ ആദ്യ ഗഡുവായ 1.5 കോടി രൂപ കൈപ്പറ്റുന്നതിനിടെ സെൻട്രൽ മുംബൈയിലെ ലോവർ പരേലിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്.

നവംബർ 14ന് നടന്ന ഒരു പാർട്ടിക്കിടെയാണ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഉടമയും ഈ സ്ത്രീകളും തമ്മിൽ പരിചയപ്പെടുന്നത്. അവിടെ വെച്ച് ഉണ്ടായ ചില തർക്കങ്ങളെത്തുടർന്ന്, റിയൽറ്ററുടെ മകനെതിരെ വ്യാജ പരാതി നൽകി കേസിൽ കുടുക്കുമെന്ന് പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തി. പ്രശ്നം ഒത്തുതീർപ്പാക്കാൻ 10 കോടി രൂപയാണ് ഇവർ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ ഇത് 5.5 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. ഇതിനിടെ റിയൽറ്റർ മുംബൈ പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും വിവരം അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം ആദ്യ ഗഡു കൈമാറാമെന്ന് സമ്മതിച്ച് ഇവരെ വിളിച്ചുവരുത്തുകയും പണം വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടുകയുമായിരുന്നു. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Exit mobile version