Site iconSite icon Janayugom Online

പുലി ഭീതി ഒഴിയുന്നില്ല; മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തിലെ ഫെയര്‍ലാന്റില്‍ ഇറങ്ങിയ പുലിയുടെ സാന്നിദ്ധ്യം മേഖലയില്‍ ഇപ്പോഴും തുടരുന്നു. പുലിയെ കഴിഞ്ഞ ദിവസവം ചിലര്‍ കണ്ടുവെന്ന പ്രചാരണം നിലനില്‍ക്കെ മേഖലയില്‍ നിന്ന് പുലി ഭീതി ഒഴിയുന്നില്ല. ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍മാറിയുള്ള ഫെയര്‍ലാന്റ് കോളനിയിലാണ് പുലിയുടെ സാന്നിദ്ധ്യം തുടര്‍ച്ചയായ മൂന്നാം ദിവസവും കണ്ടെത്തിയത്. അതിനിടെ ഒരു വളര്‍ത്തു പൂച്ചയെ ഏതോ വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ ഇന്നലെ കണ്ടെത്തുകയും ചെയ്തു. പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയ മേഖലകളിലെല്ലാം ഇന്നലെയും വനം വകുപ്പും ആര്‍ആര്‍ടി ടീമും തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം പുലിയെ കണ്ട മേഖലയിലെ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങളിലെല്ലാം ആര്‍ആര്‍ടി ടീം തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. അതെ സമയം രാത്രിയാകുന്നതോടെ മേഖലയില്‍ പുലി സ്ഥിരമായി എത്തുന്നതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്. നിരവധി തെരുവ് നായ്ക്കള്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ തെരുവ് നായ്ക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും തെരുവ് നായ്ക്കള്‍ രാത്രിയാകുന്നതോടെ വീടുകളുടെ മുറ്റത്തും മറ്റുമായി അഭയം തേടുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

ഇത് പുലിയെ പേടിച്ച് എത്തുന്നതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പുലിയുടെ സാന്നിദ്ധ്യം രാത്രികാലങ്ങളിലാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ പുലി സമീപത്തെ തോട്ടങ്ങളിലോ കാട് മൂടികിടക്കുന്ന സ്ഥലങ്ങളിലോ തങ്ങുകയും രാത്രി ജനവാസമേഖലയിലേക്ക് ഇറങ്ങുകയുമാണ് ചെയ്യുന്നത്. പുലിയുടെ സാന്നിദ്ധ്യം കണ്ട മേഖലയിലാണ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയും ‚ഹോമിയോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്. നൂറ്കണക്കിന് രോഗികളാണ് രാപകല്‍ വിത്യാസമില്ലാതെ ആശുപത്രിയലേയ്ക്ക് എത്തുന്നത്. ഇവരെല്ലാം ഭടപ്പാടോടുകൂടിയാണ് ഇവിടേയ്ക്ക് എത്തുന്നത്. പുലിയെ എത്രയും പെട്ടന്ന് പിടികൂടി മേഖലയില്‍ നിന്ന് മാറ്റി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യമാണ് ഉയരുന്നത്.

Exit mobile version