Site iconSite icon Janayugom Online

പാലക്കാട് തച്ചമ്പാറയിൽ ഇറങ്ങിയ പുലി വനം വകുപ്പിൻ്റെ കൂട്ടിൽ

പാലക്കാട് തച്ചമ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞിരുന്നത്. പ്രദേശത്തെ ഒരു വ്യക്തിയുടെ വളർത്ത് മൃ​ഗത്തേയും പുലി കടിച്ച് കൊന്നിരുന്നു. തച്ചമ്പാറ ചെന്തണ്ടിൽ ഇന്നലെ മൂരി കുട്ടിയെയാണ് പുലി കടിച്ചു കൊന്നത്. ഇതിനെത്തുടർന്ന് വനംവകുപ്പ് ഈറ്റത്തോട് റെജിയുടെ റബ്ബർ തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.

പ്രദേശത്ത് കഴിഞ്ഞ മാസവും വനം വകുപ്പിൻ്റെ കൂട്ടിൽ പുലി അകപ്പെട്ടതയി നാട്ടുകാർ പറയുന്നു. നിരന്തരം പ്രദേശത്ത് പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യമുണ്ടാകുന്നതായും ജനങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതിനെത്തുടർന്ന വലിയ ആശങ്കയിലായ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് പുലി കൂട്ടിൽ അകപ്പെട്ടത്. കുടിയേറ്റ മേഖലയായ പ്രദേശത്ത് റബർ ടാപ്പിംങ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ കാർഷിക മേഖലയേയും ആശ്രയിച്ച് കഴിയുന്നവരാണ്.

Exit mobile version