Site iconSite icon Janayugom Online

മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട് നെന്മേനി, അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ഒന്നര മാസമായി നിരവധി വളർത്തുമൃഗങ്ങളെ കൊന്ന കടുവ ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ. അമ്പലവയൽ പഞ്ചായത്തിലെ പൊൻമുടിക്കോട്ടയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ പുലർച്ചയോടെ കടുവ അകപ്പെട്ടത്. പത്ത് വയസ്സിന് മുകളിൽ പ്രായമുള്ള, രണ്ട് മുൻപല്ലുകൾ നഷ്ടപ്പെട്ട പെൺ കടുവയാണ് പിടിയിലായത്. പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിൽ നിന്ന് ഇരയെ വേട്ടയാടി പിടിക്കാൻ ഈ കടുവയ്ക്ക് സാധിക്കില്ലെന്നും ഇതിനാലാണ് ജനവാസ മേഖലയിലെത്തി വളർത്ത് മൃഗങ്ങളെ പിടികൂടിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

പശുക്കളെയോ വലിയ ആടുകളെയോ പിടികൂടാനും ഈ കടുവയ്ക്ക് സാധിക്കില്ലായിരുന്നു. ഇതിനാലാണ് കെട്ടിയിട്ട ചെറിയ ആടുകളെ ലക്ഷ്യമിട്ടത്. പ്രദേശത്ത് ആശങ്ക സൃഷ്ടിച്ച കടുവ തന്നെയാണ് പിടിയിലായതെന്നും നേരത്തെ ക്യാമറ ട്രാക്കിലൂടെ കടുവയെ തിരിച്ചറിഞ്ഞിരുന്നെന്നും സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന പറഞ്ഞു. കടുവയ്ക്ക് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകും. തുടർന്ന് സുൽത്താൻ ബത്തേരി കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും.

അതേ സമയം വന്യജീവി പരിപാലന കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കടുവയെ കാട്ടിലേക്ക് വിടാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഈ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ കാട്ടിൽ നിന്നും ഇരയെ പിടിക്കാൻ കഴിയില്ല. ഇതിനാൽ കാട്ടിലേക്ക് വിട്ടാലും സ്വഭാവികമായും ഇര തേടി വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്തും. ഇതിനാൽ കുപ്പാടി വന്യജീവി പരിപാലകേന്ദ്രത്തിൽ തന്നെ സംരക്ഷിച്ചേക്കും. 

നെന്മേനി, അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിലെ കൃഷ്ണഗിരി, റാട്ടക്കുണ്ട്, മൈലമ്പാടി, മണ്ഡകവയൽ, ആവയൽ, ചൂരിമല പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ ഒന്നര മാസം കടുവ ഭീതി നിറച്ചത്. 25 ആടുകളെ മാത്രം ഇക്കാലയളവിൽ കടുവ കൊന്നിരുന്നു. പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ ജനം പ്രയാസപ്പെട്ടിരുന്നു. കടുവ ഭീതിയിൽ പല തോട്ടം മേഖലകളിലും തൊഴിലാളികൾ ജോലിക്കെത്തിയിരുന്നില്ല. കുടുവയ്ക്കായി പ്രദേശത്തെ പല ഭാഗത്തും കൂടുകളും, കാടിനോട് ചേർന്നും ജനവാസ മേഖലകളിലും നിരവധി ക്യാമറകളും വനം വകുപ്പ് സ്ഥാപിച്ചിരുന്നു. ദിവസവും 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ദിവസവും തിരച്ചിൽ നടത്തിയത്. ഒടുവിൽ കടുവയെ പിടികൂടാൻ കഴിഞ്ഞത് വനം വകുപ്പിനും മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. 

Eng­lish Summary:The tiger that shook Meenan­ga­di is in the cage
You may also like this video

Exit mobile version