Site iconSite icon Janayugom Online

പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; അച്ഛൻ അറസ്റ്റില്‍

നാല് മാസം പ്രായമുള്ള മകളെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന തീരുമാനമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ സഞ്ജയ് (40) അറസ്റ്റിലായി. കുഞ്ഞിന്റെ അമ്മ ഷൈലജയുടെ (36) പരാതിയിലാണ് നടപടി. മഹാരാഷ്ട്രയിലെ ഘാട്കോപറിലാണ് സഞ്ജയും ഷൈലജയും മൂന്ന് മക്കളോടൊപ്പം താമസിച്ചിരുന്നത്. മൂന്നാമത്തെ മകൾ ശ്രേയ നാല് മാസം മുൻപാണ് ജനിച്ചത്. സാമ്പത്തിക പ്രയാസമുണ്ടായിരുന്നതിനാൽ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തില്‍ സഞ്ജയ് സന്തുഷ്ടനായിരുന്നില്ലെന്ന് ഷൈലജ പൊലീസിനോട് പറഞ്ഞു. ഇതിനെ
തുടര്‍ന്ന് വഴക്ക് പതിവായിരുന്നുവെന്നും യുവതി പറഞ്ഞു. 

വെള്ളിയാഴ്‌ച ഷൈലജ ജോലിക്ക് പോയ സമയത്താണ് തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ശ്രേയയെ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. ഷൈലജ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകൾക്ക് സുഖമില്ലെന്ന് സഞ്ജയ് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റേത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ കഴിയുമെന്നാണ് സഞ്ജയ് കരുതിയത്. എന്നാല്‍ കുഞ്ഞിന്റെ
മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് ഡോക്ടർമാർ നൽകിയത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ചോദ്യംചെയ്യലിൽ സഞ്ജയ് കുറ്റം സമ്മതിച്ചതായി പന്ത് നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ രമേഷ്
കേവാലെ പറഞ്ഞു.

Exit mobile version