Site iconSite icon Janayugom Online

വിഷയം എഴുത്തുകാരനെ തിരഞ്ഞെടുക്കുന്നു

മാരിയോ വർഗാസ് യോസ കഴിഞ്ഞ 13ന് അന്തരിച്ചു. തന്റെ സമകാലികരായ എഴുത്തുകാരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് അദ്ദേഹം. ലോകത്ത് അധികാരഘടനകൾ സ്വയം സൃഷ്ടിക്കുന്ന മഹാവിപത്തുക്കളെയും അവയ്ക്കെതിരെ മനുഷ്യർ തീർക്കുന്ന പ്രതിരോധങ്ങളും തന്റെ കഥകളിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു, വ്യക്തതയുള്ള തീക്ഷ്ണമായ ബിംബങ്ങളിലൂടെ. അവ പലപ്പോഴും പരാജിതരുടെ കഥകളാവാം. എന്നാൽ അവയിലെല്ലാം ചെറുത്തുനിൽപ്പിന്റെ ഗാഥകൾ അന്തർലീനമായിക്കിടക്കുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യ ചിന്തകളുടെ മൂർത്തമായ സ്വപ്നങ്ങൾ പേറുന്ന ഒരു എഴുത്തുകാരന് ലഹളകളോ കലാപങ്ങളോ പരാജയങ്ങളോ ഒന്നും എഴുത്തിൽ നിന്നും പിന്മാറുന്നതിനുള്ള വിഷയങ്ങൾ ആകാത്തതിനാൽ അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ വളരെ ചെറിയ പ്രായത്തില്‍ പത്രപ്രവർത്തകനായാണ് അദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചത്. എഴുത്തുകാരനായും രാഷ്ട്രീയത്തിൽ ഇടപെട്ടും അദ്ദേഹം അനുഭവങ്ങളുടെ ഉൾക്കരുത്ത് ആർജിച്ചു.

‘എഴുത്തുകാരൻ വായനക്കാരനെ വശീകരിക്കേണ്ടത് കഥയിലുള്ള ആശയങ്ങൾ കൊണ്ടല്ല, അവയുടെ നിറം കൊണ്ടാണ്, അവ പ്രകാശിപ്പിക്കുന്ന വികാരങ്ങൾ കൊണ്ടാണ്, അതിലടങ്ങിയിരിക്കുന്ന വിസ്മയഹേതുക്കൾ കൊണ്ടാണ്. കഥകൾ ജനിപ്പിക്കുന്ന നിഗൂഢതകളും ഉദ്വേഗങ്ങളും കൊണ്ടാണ് ഒരാൾ കഥയിലോ നോവലിലോ ആകൃഷ്ടനാകുന്നത്.

കഥയും വായനക്കാരനും തമ്മിലുള്ള ദൂരം കുറയ്ക്കുകയോ, കഴിയുമെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാവണം എഴുത്തുകാരൻ ചെയ്യേണ്ടത്’ എന്നാണ് മാരിയോ വർഗാസ് യോസ പറയുന്നത്.

പുസ്തകങ്ങളുടെ വിഷയങ്ങൾ താങ്കൾ തിരഞ്ഞെടുക്കുന്നതാണോ അതോ അവ താങ്കളെ തിരഞ്ഞെടുക്കുകയാണോ? എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, ”എന്നെ സംബന്ധിച്ചിടത്തോളം വിഷയം എഴുത്തുകാരനെ തിരഞ്ഞെടുക്കുന്നു എന്നാണു ഞാൻ വിശ്വസിക്കുന്നത്. ചില കഥകൾ സ്വയമേവ എന്നിൽ വന്നു പതിക്കുകയായിരുന്നു എന്നെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. എനിക്കവയെ അവഗണിക്കാൻ പറ്റാതെ വരികയാണ്; കാരണം, മൗലികമായ ചില അനുഭവങ്ങളോട് ഇന്നതെന്നു പറയാനാവാത്ത രീതിയിൽ ബന്ധപ്പെട്ടുകിടക്കുകയായിരുന്നു അവ.”

പ്രദോ മിലിട്ടറി സ്കൂളിൽ നിന്നും ലഭിച്ച ചില തിക്ത ബാല്യകാലാനുഭവങ്ങളാണ് തന്നെക്കൊണ്ട് ആദ്യ പുസ്തകം 1962 ൽ എഴുതിച്ചതെന്നും അത് എഴുതാതിരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും യോസ പറഞ്ഞിട്ടുണ്ട്. തന്റെ നാട് പരസ്പരം പോരാടുന്ന വിവിധ സമൂഹങ്ങളുടേതാണെന്നും അവിടെ നടക്കുന്ന സാമൂഹ്യ‑വംശീയ കലഹങ്ങൾ ജനതയെ ഹിംസാത്മക സമൂഹമാക്കുന്നതും ഈ പ്രതിഭാശാലി ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു.

”എനിക്കിഷ്ടപ്പെട്ട നോവലുകൾ ഞാൻ വായിക്കുന്ന രീതിയിൽ, എന്റെ നോവലുകൾ വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം.”  അതിനാൽ എഴുത്തിൽ നിഗൂഢതകളും ഉദ്വേഗവും ഉൾച്ചേരണമെന്നും അതോടൊപ്പം ബൗദ്ധികാംശം കൂടി ചേർന്ന് ചിന്തകൾക്ക് വഴി തെളിക്കണമെന്നും ഈ എഴുത്തുകാരൻ പറയുന്നു. മനുഷ്യന്റെ ക്രൂരതയും കുറ്റബോധവും തന്റെ നോവലുകളിൽ പലപ്പോഴും ചിത്രീകരിച്ച യോസ ലൈംഗികതയെയും സമൃദ്ധമായി ചില നോവലുകളിൽ ഉപയോഗിച്ചിട്ടുണ്ട്.

കുറച്ച് ചെറുകഥകൾ മാത്രമേ യോസ എഴുതിയിട്ടുള്ളൂ. അതിൽ ശ്രദ്ധേയമായ ഒന്നാണ്  ‘ദി വിസിറ്റർ.’ ഈ കഥയിൽ താൻ 1990 ൽ പെറുവിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ അന്ന് തന്റെ എതിരാളിയായി മത്സരിച്ചു വിജയിച്ച ഫുജി മോറി എന്ന പിന്നീട് പെറുവിലെ ഏകാധിപതിയായി മാറിയ പ്രസിഡന്റിനെ മനസിൽ കണ്ടുകൊണ്ടാണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. ഏകാധിപത്യത്തിന്റെ രൗദ്രതയെ അശ്ലീല കാഴ്ചയായാണ് എഴുത്തുകാരൻ കാണുന്നത്. അതേ പ്രമേയം തന്നെ വെച്ചുകൊണ്ട് ദി നെയ്ബർ ഹുഡ് എന്ന നോവലും അദ്ദേഹം എഴുതുകയുണ്ടായി. ഫുജി മോറി പിന്നീട് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു ഫുജിമോറി. എന്നാൽ അധികാരം പിന്നീട് ഏകാധിപത്യത്തിലേക്ക് കടന്നപ്പോൾ അതൊരു ദുരന്തമാവുകയായിരുന്നു. ഇതാണ് പരോക്ഷമായി യോസ തന്റെ ഈ രണ്ടു പുസ്തകങ്ങളിലൂടെ പറഞ്ഞത്.

 

പുരുഷനായതിലുള്ള അമിതാഭിമാനം പേറി നടന്ന യോസയ്ക്ക് അദ്ദേഹത്തിന്റെ പല പ്രവൃത്തികളും ഒട്ടേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഫെമിനിസം സാഹിത്യത്തെ തകരാറിലാക്കുന്നു എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് വളരെ വലിയ വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എങ്കിലും തന്റെ ഭാഷയുടെ ശക്തിയും വശീകരണശേഷിയും മിക്ക രാജ്യങ്ങളിലുമുള്ള ആളുകളെ അദ്ദേഹത്തിലേക്ക് ആകർഷിക്കുകയായിരുന്നു. നാൽപ്പതിലധികം ഭാഷകളിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ‘ദൈവികമായ വരദാനം ലഭിച്ച എഴുത്തുകാരൻ’ എന്നാണ് നോബൽ കമ്മിറ്റി അദ്ദേഹത്തെപ്പറ്റി  പറഞ്ഞത്.

2019 ൽ യോസയ്ക്ക് സാഹിത്യനോബൽ സമ്മാനം ലഭിക്കുകയുണ്ടായി. കൂടാതെ മിഗുവൽ ഡി സെർവാന്റസ് അവാർഡ്, പെൻ ഇന്റർനാഷണൽ പ്രസിഡന്റ് പദവി എന്നിങ്ങനെ നിരവധി സ്ഥാനങ്ങളും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. ലാറ്റിനമേരിക്കൻ സാഹിത്യത്തെ ലോകസാഹിത്യത്തിൽ ഉയർന്ന സ്ഥാനത്തേക്ക് കൊണ്ടുവരാൻ പരിശ്രമിച്ച എഴുത്തുകാരിൽ ഒരാളെയാണ് മാരിയോ വർഗാസ് യോസയുടെ മരണത്തോടെ സാഹിത്യലോകത്തിന് നഷ്ടപ്പെട്ടത്.

 

 

Exit mobile version