പാലക്കാട് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ അപകടകരമാം വിധം വാഹനം ഓടിച്ചിരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പൂനയില്‍ നിന്ന്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജോമോന് ഇക്കാര്യം അറിയിച്ചത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും ആലത്തൂർ പൊലീസ് അറിയിച്ചു.
അതേസമയം വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെയാണ് പാലക്കാട് എൻഫോസ്മെന്റ് ആർടിഒ എം കെ ജയേഷ്കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിന്റെ തുടർ നടപടികൾ. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആൻറണി രാജുവിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ചയാണ് പാലക്കാട് – തൃശൂർ ദേശീയപാതയിൽ സ്കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിക്കുകയായിരുന്നു. ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടില്‍ പറയുന്നു.
English Summary:The tourist bus driver Jomon will interrogate in detail
You may also like this video