Site iconSite icon Janayugom Online

ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ തൊഴിലാളി സംഘടനാ നേതാക്കള്‍ സന്ദര്‍ശിച്ചു

പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിഐടിയു സെക്രട്ടറി സിന്ധു, അശോക് സിങ് (ഐഎന്‍ടിയുസി), സന്തോഷ് റായ് (എഐസിസിടിയു), ചൗരസ്യ (എഐയുടിയുസി), ലത ബെന്‍ (സേവ), ധര്‍മേന്ദ്ര (യുടിയുസി) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് താരങ്ങളെ സന്ദര്‍ശിച്ചത്. പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും സമരത്തിനൊപ്പമാണെന്നും എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്കി.
റസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ പോസ്കോ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യുന്നതിനോ സ്ഥാനത്തുനിന്ന് നീക്കുന്നതിനോ സന്നദ്ധമാകാത്ത കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ നേതാക്കള്‍ അപലപിച്ചു. പ്രധാനമന്ത്രി ആവശ്യപ്പെടാതെ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ബ്രിജ്ഭൂഷണ്‍ പറയുന്നത്. ഒരു തരത്തില്‍ താന്‍ പ്രധാനമന്ത്രിയുടെ സംരക്ഷണയിലാണെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നല്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
കേന്ദ്ര തൊഴിലാളി സംഘടനകള്‍ സംയുക്തമായും തനിച്ചും താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് അമര്‍ജീത് കൗര്‍ അറിയിച്ചു.

Eng­lish Summary;The trade union lead­ers vis­it­ed the protest­ing wrestlers at Jan­tar Mandar
You may also like this video

Exit mobile version