Site iconSite icon Janayugom Online

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി

ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 2025 ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരിക. ഇതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വർധനയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എ.സി, എ.സി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാവും വര്‍ധിപ്പിക്കുന്നത്.

ഇതിന് പുറമേ നോൺ എസി കോച്ചിൽ 500 കിലോ മീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം. എന്നാല്‍ മധ്യ‑താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ റെയിൽവേ വർധിപ്പിച്ചിട്ടില്ല. 2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും റെയിൽവേ അറിയിച്ചു.

Exit mobile version