Site iconSite icon Janayugom Online

ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രഖ്യാപനം കടലാസിലൊതുങ്ങി

രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സംരക്ഷിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും വേണ്ടി വിഭാവനം ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡുകള്‍ കടലാസിലൊതുങ്ങി. രാജ്യത്ത് 19 സംസ്ഥാനങ്ങളിലും , കേന്ദ്രഭരണ പ്രദേശങ്ങളിലും വെല്‍ഫയര്‍ ബോര്‍ഡുകള്‍ നിലവിലില്ല. നാല് കേന്ദ്രഭരണപ്രദേശങ്ങളും പട്ടികയില്‍ ഉള്‍പ്പെടും. അധികാരം, ചട്ടങ്ങള്‍, പദ്ധതി നയരേഖ എന്നിവയുടെ അഭാവമാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വിലങ്ങുതടിയായി മാറിയത്. ബിജെപി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലും വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മ്മാണം പല സംസ്ഥാനങ്ങളും ആരംഭിക്കാത്തതും ഉന്നതോദ്യോഗസ്ഥരുടെ അലംഭാവവുമാണ് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്. കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ വെല്‍ഫെയര്‍ ബോര്‍ഡുകള്‍ നിലവിലുണ്ടങ്കിലും ഛത്തീസ്ഗഢ്, ത്രിപുര, ജമ്മു കശ്മീര്‍ എന്നിവ ഇതുവരെ യോഗം ചേരാത്ത സ്ഥിതിയുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

2011ലെ സെന്‍സസ് രേഖ പ്രകാരം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ കേവലം 5.6 ശതമാനം മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്. 2020ല്‍ പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് വ്യവസ്ഥ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിച്ച് ഇവരുടെ സംരക്ഷണം, നൈപുണ്യ വികസനം, പുനരധിവാസം എന്നിവ ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ പകുതിയിലധികം സംസ്ഥാനങ്ങളിലും നാളിതുവരെയായി ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. കേരളം, തമിഴ്നാട്, ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, മണിപ്പൂര്‍, ഹരിയാന, ഗുജറാത്ത്, അസം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മിസോറാം, തെലങ്കാന, മേഘാലയ, ഛത്തീസ്ഗഢ്, ത്രിപുര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ നിലവിലുള്ളത്. ഇതില്‍ തമിഴ്നാടും കേരളവുമാണ് യഥാസമയം യോഗം ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാര മാര്‍ഗം നിര്‍ദേശിക്കുകയും ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം സജീവമല്ലെന്നും ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ട്രാന്‍സ്ജെന്‍ഡറായ യാഷിക ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സ്ഥാപിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ട്രാന്‍സ്ജന്‍ഡര്‍ പേഴ്സണ്‍സ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒറ്റ യോഗം പോലും ചേര്‍ന്നിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. 2014ല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഭരണഘടനാ അനുശാസിക്കുന്ന അധികാരങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇവരുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പല സംസ്ഥാനങ്ങളും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുന്നോട്ട് വന്നത്. എന്നാല്‍ അധികാരമോ, ചട്ടമോ, പദ്ധതി നയരേഖയോ ഇല്ലാതെ കടലാസില്‍ ഒതുങ്ങുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ്.

Exit mobile version