Site iconSite icon Janayugom Online

യാത്രക്കാരന്‍ മഴ നനഞ്ഞ് പനി പിടിച്ചു; സിയാൽ നഷ്ടപരിഹാരം നല്‍കണം

നെടുമ്പാശേരി വിമാനത്താവളത്തിൽ മഴ നനഞ്ഞതിനെ തുടര്‍ന്ന് പനി പിടിച്ചെന്ന യാത്രക്കാരന്റെ പരാതിയിൽ സിയാൽ 16,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് വിധി. എറണാകുളം വെണ്ണല സ്വദേശിയായ ടി ജി നന്ദകുമാർ സമർപ്പിച്ച പരാതിയിൽ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ശ്രീവിദ്യ ടി എൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു പരാതിക്കാരൻ. വിമാനത്തിൽ കയറാൻ മഴ നനയേണ്ടിവന്നു. നനഞ്ഞ വസ്ത്രവുമായി ഡൽഹി വരെ യാത്ര ചെയ്യേണ്ടി വന്നതോടെ പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നതായും പരാതിൽ പറയുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതും സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ കുറവും മൂലം തനിക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടായെന്നും പരാതിക്കാരൻ ആരോപിച്ചു. 

പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മന: ക്ലേശത്തിനും 8,000 രൂപ നഷ്ടപരിഹാരവും 8,000 രൂപ കോടതി ചെലവും നൽകാനാണ് വിമാനത്താവള ഉടമസ്ഥരായ സിയാലിനോട് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. തുക ഒരു മാസത്തിനകം നൽകണം. ”വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ പോലും ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിൽ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാൻ കഴിയാത്ത പരാതികളുമായി സാധാരണക്കാർ ഉപഭോക്തൃ കോടതികളുടെ വാതിലിൽ മുട്ടുമ്പോൾ നിശബ്ദരായി നോക്കി നിൽക്കാനാവില്ല, ” കമ്മിഷൻ വിധിന്യായത്തിൽ പറഞ്ഞു. 

Eng­lish Summary;The trav­el­er got wet in the rain; Pay com­pen­sa­tion to cial ordered by con­sumer court

You may also like this video

Exit mobile version