വര്‍ണക്കാഴ്ചകളൊരുക്കി മണ്ണിലും വിണ്ണിലും വിസ്മയം തീര്‍ത്ത പൂരക്കാഴ്ചകള്‍ക്ക് പരിസമാപ്തി. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയ ഉപചാരം ചൊല്ലലോടെ ഇക്കൊല്ലത്തെ തൃശൂർ പൂരം സമാപിച്ചു.
പൂരം നടത്തിപ്പുകാരും പൊലീസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാത്രി പൂരം ഒരു വിഭാഗം നിര്‍ത്തിവച്ചെങ്കിലും മന്ത്രി കെ രാജന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു. പുലർച്ചെ നടക്കേണ്ടിയിരുന്ന പ്രധാന വെടിക്കെട്ട് അതിരാവിലെ നടത്തി.
ഇന്നലെ പകല്‍പ്പൂരത്തിന് രാവിലെ 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി വിഭാഗം ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിപ്പു തുടങ്ങിയത്. തുടർന്ന് നായ്ക്കനാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചെറു കുടമാറ്റം നടന്നു. പാറമേക്കാവ് വിഭാഗം 8.30നാണ് പഞ്ചവാദ്യ, പാണ്ടിമേള അകമ്പടിയോടെ എഴുന്നള്ളത്താരംഭിച്ചത്. പാണ്ടിമേളക്കൊഴുപ്പോടെ എഴുന്നള്ളത്ത് ശ്രീമൂലസ്ഥാനത്തെത്തി. മേളം കലാശിച്ച ശേഷം 12.45ഓടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്നു. തുടർന്ന് ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു.
ആനകൾ തുമ്പിക്കൈ ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. പിന്നാലെ തേക്കിൻകാടിനെ വിറപ്പിച്ച പകൽ വെടിക്കെട്ടോടെ പൂരച്ചടങ്ങുകൾക്ക് സമാപനമായി. ഉപചാരം ചൊല്ലി പിരിഞ്ഞതിനുശേഷം സ്വന്തം തട്ടകത്തെത്തിയ പാറമേക്കാവ് ദേവിയെ ദേശക്കാര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. തുടര്‍ന്ന് രണ്ട് ദേവിമാരും ആറാട്ടിനായി പുറപ്പെട്ടു. ആറാട്ടുകഴിഞ്ഞ് തിരിച്ചെത്തിയ ദേവിമാരെ അകത്തേക്ക് ആനയിച്ച് ആനയെക്കൊണ്ട് കൊടിമരം ഇളക്കി ഉത്രം വിളക്കിനെത്തിയ ദേശക്കാര്‍ കൊടിയിറക്കി. ഘടകക്ഷേത്രങ്ങളിലും രാത്രിയോടെ കൊടിയിറക്കിയതോടെ പൂരങ്ങളുടെ പൂരത്തിന് പരിസമാപ്തിയായി. ഇനി അടുത്ത മേടത്തിലെ ഉത്രം നാളിനായി 2025 മേയ് ആറു വരെ ഒരുവര്‍ഷം നീണ്ട കാത്തിരിപ്പ്.
English Summary:The treat was recited; Next Pooram on May 6, 2025
You may also like this video