Site iconSite icon Janayugom Online

വൃക്ഷ വൈദ്യനെത്തി; മുത്തശ്ശിമാവിന് പുനര്‍ജന്മം

സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിക്കാനൊരുങ്ങിയ മുത്തശ്ശിമാവിന് വൃക്ഷ വൈദ്യന്റെ ചികിത്സയിലൂടെ പുനര്‍ജന്മം. വൃക്ഷവൈദ്യനും മുന്‍ സംസ്ഥാന വനം വന്യജീവി ബോർഡ് അംഗവും വനമിത്ര പുരസ്കാര ജേതാവുമായ കോട്ടയം സ്വദേശി കെ ബിനുവിന്റെ നേതൃത്വത്തിലാണ് മുത്തശ്ശിമാവിന് നാലു മണിക്കൂർ നീണ്ട ചികിത്സ നടത്തിയത്.

പോട്ട‑മൂന്നുപീടിക സംസ്ഥാന പാതയോരത്ത് ആളൂര്‍ ജംങ്ഷനിലെ 150 വര്‍ഷം പഴക്കമുള്ള മാവാണ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ ആളൂർ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉയര്‍ന്ന പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ട ബിനു മാവിനെ ചികിത്സിക്കാനായി മുന്നോട്ടുവരികയായിരുന്നു.

വൃക്ഷായുർവേദത്തില്‍ ചരകസംഹിതയില്‍ പറഞ്ഞിട്ടുള്ള മരുന്നുകൂട്ടുകള്‍ പ്രകാരം ചിതൽപുറ്റ്, വൃക്ഷത്തിന്റെ ചുവട്ടിലെ മണ്ണ്, പാടത്തെ ചളിമണ്ണ്, പശുവിൻ ചാണകം എന്നിവ കൂട്ടി കലർത്തി അതിൽ അരിപ്പൊടി,എള്ള്, രാമച്ചം പൊടിച്ചത്, കദളിപ്പഴം, നാടൻ പശുവിന്റെ നെയ്യ്, പാൽ,ചെറു തേൻ എന്നിവ കൂട്ടി കുഴച്ചു ചേർത്താണ് ഔഷധ കൂട്ട് തയ്യാറാക്കിയത്.

പതിനഞ്ചോളം ഇനം ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് മാവിൽ തേച്ച് പിടിപ്പിച്ച ശേഷം കോട്ടൺ തുണിയും ചണനൂലും ഉപയോഗപ്പെടുത്തി ഇവ പൊടിഞ്ഞുകെട്ടും. ആറ് മാസത്തിനകം മാവ് പഴയ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് വൃക്ഷവൈദ്യന്റെ ഉറപ്പ്. തന്റെ 71-ാമത്തെ ചികിത്സയാണിതെന്ന് കെ ബിനു പറഞ്ഞു. മുൻപ് ചികിത്സ നടത്തിയ 90 ശതമാനത്തോളം മരങ്ങള്‍ക്കും പുതുജീവന്‍ നല്‍കാനായെന്നും അദ്ദേഹം പറയുന്നു.

തിടനാട്ടിലൊരു 65 വയസുകാരൻ മഴമരവും പൊൻകുന്നത്തെ പ്ലാവ് മുത്തശ്ശിയും ചിറക്കടവ് എൽപി സ്‌കൂളിലെ ആഞ്ഞിലിയും തിരുവനന്തപുരത്തെ മരമുല്ലയും പാലക്കാട്ടുള്ള ഞാവൽ മരവുമെല്ലാം ഇതില്‍പ്പെടും. തമിഴ് നാട്ടിലും നാഗ്പൂരിലുമെല്ലാം ബിനു വൃക്ഷചികിത്സ നടത്തിയിട്ടുണ്ട്. വാഴൂര്‍ യു പി സ്ക്കൂളിലെ അധ്യാപകനായ കെ ബിനു കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വൃക്ഷചികിത്സാ രംഗത്ത് സജീവമാണ്. ബിനുവിനൊപ്പം നാലുപേരടങ്ങുന്ന സംഘവും സഹായത്തിനുണ്ടാകും.

മരങ്ങൾ സംരക്ഷിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും ചികിത്സയുടെ ചിലവ് പലരെയും ഇതില്‍ നിന്നും പിൻവലിപ്പിക്കുന്നുണ്ടെന്ന് ബിനു പറയും. 15, 000 രൂപയോളം വേണം ഒരു മരത്തെ പുനർജീവിപ്പിക്കാൻ. പക്ഷെ, ആളൂരില്‍ വന്‍ജനപിന്തുണയോടെയാണ് മുത്തശ്ശിമാവിന് ചികിത്സയൊരുക്കിയത്. തൃശൂര്‍ ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു വൃക്ഷ ചികിത്സ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്കാരം ഉള്‍പ്പെട നിരവധി പുരസ്കാരങ്ങളും ബിനുവിനെ തേടിയെത്തിയിട്ടുണ്ട്. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണദ്ദേഹം.

eng­lish summary;The tree doc­tor arrived; Rebirth for mangotree

you may also like this video;

Exit mobile version