നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി. വിചാരണയ്ക്ക് കൂടുതൽ സമയം തേടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയായിരുന്നു വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം.ഈ ആവശ്യമാണ് ഇപ്പോൾ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്.ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. അതേസമയം സുപ്രീം കോടതി ഉത്തരവോടെ കോടതി മാറ്റത്തിനായി അതിജീവിത നൽകിയ ഹർജിയിൽ തിരിച്ചടി ഉണ്ടാകുമോയെന്നാണ് അവരെ പിന്തുണയ്ക്കുന്നവർ ഉന്നയിക്കുന്ന ആശങ്ക.
ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി കിട്ടില്ലെന്ന് കാണിച്ചായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പലപ്പോഴായി താൻ ഉന്നയിച്ച പരാതികൾ ഒന്നും തന്നെ വിചാരണ കോടതി പരിഗണിച്ചിട്ടില്ലെന്നും കേസിലെ ഏറ്റവും സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ആക്സസ് ചെയ്യപ്പെട്ടു എന്ന് കണ്ടെത്തിയിട്ട് പോലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അതിജീവിത ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്നതായിരുന്നു നടി ഉന്നയിച്ച മറ്റൊരു ആരോപണം. സിബിഐ മൂന്നാം കോടതിയിലായിരുന്ന കേസ് ഹണി എം വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു.
തന്റെ കേസ് പുരുഷ ജഡ്ജി കേൾക്കുന്നതിലും തടസമില്ലെന്നും അതിജീവിത അറിയിച്ചിരുന്നു.അതേസമയം സുപ്രീം കോടതിയിൽ നിന്നം വിചാരണ കോടതിക്ക് അനുകൂല ഉത്തരവ് ലഭിച്ചതോടെ കോടതി മാറ്റത്തിനെതിരായ അതിജീവിതയുടെ ഹർജിയെ ദിലീപ് കൂടുതൽ ശക്തമായി എതിർത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുപ്രീം കോടതി കൂടി അംഗീകരിച്ച സാഹചര്യത്തിൽ ഇനി കോടതി മാറ്റം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടേക്കും. നാളെ അതിജീവിതിയുടെ ഹർജിയിൽ ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കുന്നുണ്ട്. അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് കോടതി കേസ് പരിഗണിക്കുന്നത്.
കേസ് മാറ്റാൻ ഹൈക്കോടതി തയ്യാറായാൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത നടത്തുന്ന പോരാട്ടത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ദിലീപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയും.നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി തന്നെ കേൾക്കണമെന്നതാണ് ദിലീപിന്റെ ആവശ്യം.
വിചാരണ കോടതി ജഡ്ജിയെ കേസിൽ വാദം കേൾക്കുന്നത് തടസപ്പെടുത്താൻ അതിജീവിത ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ദിലീപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അതേസമയം ദിലീപിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കും.
english Summary:
The trial in the actress assault case should be completed by January 31: Supreme Court
You may also like this video: