Site iconSite icon Janayugom Online

ഐതിഹാസിക പോരാട്ടത്തിന്റെ വിജയപരിണതി

rajeswara Raorajeswara Rao

ന്ത്യാ-സോവിയറ്റ് യൂണിയന്‍ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് 1971 മാർച്ച് 30 മുതൽ ഏപ്രിൽ ഒന്‍പതുവരെ മോസ്കോയിൽ സിപിഎസ്‌യുവിന്റെ 24-ാമത് പാർട്ടി കോൺഗ്രസ് നടക്കുന്നത്. കിഴക്കൻ പാകിസ്ഥാനിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ ലോക ശ്രദ്ധയിൽ കൊണ്ടുവരാനായി ഈ അവസരം ഉപയോഗപ്പെടുത്താൻ രാജേശ്വര റാവു നിശ്ചയിച്ചു. പാർട്ടി കോൺഗ്രസിന്റെ തിരക്കുകൾ കാരണം ബ്രഷ്നേവിന് ചർച്ചകളിൽ നേരിട്ടു പങ്കെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. രാജേശ്വര റാവു ആദ്യം കണ്ടത് സിപിഎസ്‌യുവിന്റെ പോളിറ്റ് ബ്യുറോയിലെ കാൻഡിഡേറ്റ് മെമ്പറും വിദേശകാര്യ ഡിപ്പാർട്ട്മെന്റിന്റെ സെൻട്രൽ കമ്മിറ്റി അംഗവുമായ ബോറിസ് പൊനോമരിയോവിനെയാണ്. സോവിയറ്റ് അക്കാദമി ഓഫ് സയൻസിലെ അംഗവും പ്രത്യയശാസ്ത്ര വിദഗ്ധനുമൊക്കെയായിരുന്ന അദ്ദേഹം ബംഗ്ലാദേശ് വിമോചനത്തിന്റെ കാര്യത്തിൽ പെട്ടെന്നുള്ള ഒരു ഇടപെടൽ ആവശ്യമില്ലെന്ന അഭിപ്രായക്കാരനായിരുന്നു. പാകിസ്ഥാനുമായി ചർച്ചകളിലൂടെ ഒരു സമവായത്തിലെത്താനായി ഇന്ദിരാഗാന്ധിയെ ഉപദേശിക്കാനായിരുന്നു പൊനോമരിയോവിന്റെ നിർദേശം. പക്ഷെ സിപിഎസ്‌യുവിന്റെ ഉന്നത നേതൃത്വത്തെ തന്നെ കാണണമെന്നുള്ള രാജേശ്വര റാവു കർക്കശമായ നിലപാടെടുത്തതിനെ തുടർന്ന്, പ്രധാന നേതാക്കളിലൊരാളായ മിഖായേൽ സുസ്ലോവിനെ, പാർട്ടി നിയോഗിച്ചു. സ്റ്റാലിൻ ഭരണത്തിന്റെ അവസാനകാലത്ത്, ഷടനോവിന്റെ പിൻഗാമിയായി നേതൃത്വത്തിലെത്തിച്ചേർന്ന സുസ്ലോവ് ക്രൂഷ്ചേവിന്റെ കാലം മുതൽക്കു തന്നെ പാർട്ടിയിലെ ശക്തനായ രണ്ടാമനായിരുന്നു. രാജേശ്വര റാവു ഉൾപ്പെടെയുള്ള സിപിഐ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുസ്ലോവ്, നിരവധി പ്രാവശ്യം ഇന്ത്യ സന്ദർശിച്ചിട്ടുമുണ്ട്.

സുസ്ലോവുമായുള്ള ചർച്ചകൾക്കു മുമ്പ്, പാർട്ടി കോൺഗ്രസിൽ സംബന്ധിക്കാൻ സൗഹാർദ്ദപ്രതിനിധി കളായെത്തിയിട്ടുള്ള മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കിടയിൽ ഈ വിഷയത്തെ കുറിച്ചുള്ള ഒരു കുറിപ്പ് വിതരണം ചെയ്യാൻ രാജേശ്വര റാവു തീരുമാനിച്ചു. ഫോട്ടോ സ്റ്റാറ്റ് സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്, കുറിപ്പിന്റെ സൈക്ലോസ്റ്റയിൽ പകർപ്പുകളെടുക്കാനായി കുട്ട്സോബിനെ ഏല്പിച്ചു. എന്നാൽ യന്ത്രം കേടാണെന്ന മറുപടിയാണ് ലഭിച്ചത്. ബംഗ്ലാദേശ് പ്രശ്നത്തെ സംബന്ധിച്ച് ഒരു തീരുമാനമെടുക്കുന്നതിൽ, സോവിയറ്റ് പാർട്ടിയുടെ ഉള്ളിലുണ്ടായിരുന്ന ആശയക്കുഴപ്പമാണ് അത്തരമൊരു ബാലിശമായ കാരണം പറയാനിടയാക്കിയതെന്ന് രാജേശ്വര റാവുവിന് മനസിലായി. അപ്പോൾ തന്നെ സിആർ, ന്യൂ ഏജിന്റെ മോസ്കോ ലേഖകൻ മസൂദ് അലി ഖാനെ ഫോണിൽ വിളിച്ച് അവരുടെ പക്കലുള്ള സംവിധാനമുപയോഗിച്ച് ആവശ്യമായ കോപ്പികളെടുക്കാനുള്ള നിർദേശം നല്കി. ഇനി കുറിപ്പ് വിതരണം ചെയ്യാനും എന്തെങ്കിലും തടസം പറയുകയാണെങ്കിൽ, ചായയ്ക്ക് വേണ്ടി പിരിയുന്ന ഇടവേളയിൽ താൻ തന്നെ നേരിട്ട് അതു ചെയ്യുമെന്ന് രാജേശ്വര റാവു കുട്ട്സോബിനെ അറിയിച്ചു. സി ആർ പറഞ്ഞാൽ അതുപടി ചെയ്യുന്ന സഖാവാണെന്ന് നന്നായി അറിയാവുന്ന കുട്ട്സോബിൻ ഉടനെ തന്നെ കുറിപ്പ് വിദേശപ്രതിനിധികൾക്കിടയിൽ വിതരണം നടത്താനുള്ള ഏർപ്പാടുകൾ ചെയ്തു.

എന്നാൽ സുസ്ലോവുമായുള്ള ചർച്ചകൾക്ക് ശേഷം കാര്യങ്ങളുടെ ഗതിയാകെ മാറി. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധി സംഘങ്ങളുടെ നേതാക്കളുമായി രാജേശ്വര റാവുവിന് നേരിട്ട് ചർച്ചകൾ നടത്താനുള്ള അവസരമൊരുങ്ങി. ഒടുവിൽ ബ്രഷ്നേവുമായുള്ള കൂടിക്കാഴ്ചയ്ക്കും സമയം ലഭിച്ചു. അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് മുന്നിൽ, സോവിയറ്റ് യൂണിയൻ വെറുതെ കൈയുംകെട്ടി നോക്കി നില്ക്കില്ലെന്ന് അസന്ദിഗ്ധമായ ഭാഷയിൽ തന്നെ ബ്രഷ്നേവ് രാജേശ്വര റാവുവിനെ അറിയിച്ചു.

 

പാർട്ടി കോൺഗ്രസ് കഴിഞ്ഞ് സിപിഐ പ്രതിനിധി സംഘം ഇന്ത്യയിൽമടങ്ങിയെത്തുന്നതിനു മുമ്പുതന്നെ ബ്രഷ്നേവും മറ്റ് നേതാക്കളുമായി രാജേശ്വര റാവു നടത്തിയ ചർച്ചകളെക്കുറിച്ച് ഇന്ദിരാഗാന്ധിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനിടെ ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും ഇന്ദിരാഗാന്ധിയെ സന്ദർശിച്ചു. ബംഗ്ലാദേശ് പാർട്ടിയുടെ നേതാക്കളും ആ നാളുകളിൽ തന്നെ ഇന്ത്യ സന്ദർശിച്ച അവാമി ലീഗ് പാർട്ടിയുടെ നേതാക്കളും സിപിഐ മുന്‍കയ്യെടുത്തു നടത്തിയ ശ്രമങ്ങളുടെ പേരിൽ കൃതജ്ഞതയറിയിച്ചു. എന്നാൽ ഇന്ത്യയുടെ ഇടപെടൽ വിപരീത ഫലം ചെയ്യുമെന്നുള്ള ആശങ്കയും അവാമി ലീഗിന്റെ ചില നേതാക്കൾക്കുണ്ടായിരുന്നു.

1971 ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഒപ്പുവച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ആ കരാർ, ഒരു സോഷ്യലിസ്റ്റ് രാഷ്ട്രവും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരു രാജ്യവും തമ്മിലുള്ള സുഹൃദ് ബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും തിളക്കമാർന്ന അധ്യായം ചരിത്രത്തിലെഴുതിചേർക്കുകയായിരുന്നു.

ഇതിനിടെ ചൈനയും അൽബേനിയയും ഒഴിച്ചുള്ള കമ്മ്യൂണിസ്റ്റ് ചേരിയിലെ പോളണ്ട്, ചെക്കോസ്ലോവാക്യ, ഹംഗറി, ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ക്യൂബ, മംഗോളിയ, വിയറ്റ്നാം, യുഗോസ്ലാവിയ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളുമായി സിപിഐ നേതൃത്വം ചർച്ച നടത്തി. ബംഗ്ലാദേശ് വിമോചനം എന്ന ആശയത്തോട് പൂർണ യോജിപ്പുണ്ടായിരുന്നെങ്കിലും മറ്റൊരു രാജ്യത്തിന്റെ അതിർത്തി ലംഘിച്ചു കൊണ്ട് സൈനിക ഇടപെടൽ നടത്തുന്ന കാര്യത്തോട് റുമാനിയ വിയോജിപ്പ് പ്രകടിപ്പിച്ചു. സോവിയറ്റ് യൂണിയനുമായി ഇന്ത്യ ഒപ്പിട്ട ഉടമ്പടിയായിരുന്നു പിന്തുണ പ്രഖ്യാപിക്കുന്നതിൽ യുഗോസ്ലാവിയക്കുണ്ടായിരുന്ന തടസം. എന്നാൽ പിന്തുണ തേടിക്കൊണ്ടുള്ള കത്ത് കൈപ്പറ്റാൻ പോലും വിയറ്റ്നാം ഒരുക്കമായിരുന്നില്ല. ഒരു മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കഷ്ടിച്ച് കര കയറി വരികയായിരുന്ന വിയറ്റ്നാമിനെ സംബന്ധിച്ചിടത്തോളം തൊട്ടയല്പക്കത്ത് ഒരു ഭീഷണിയായി നിലകൊള്ളുന്ന ചൈനയെ ഒരു തരത്തിലും പിണക്കാൻ കഴിയുമായിരുന്നില്ല. ഇക്കാര്യത്തിൽ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ബോധത്തിന്റെ മുഖമുദ്രയായ വിപ്ലവ സാർവദേശീയത പ്രകടിപ്പിച്ചത് ക്യൂബയാണ്. ബംഗ്ലാദേശിന്റെ വിമോചനത്തിനായുള്ള ഇന്ത്യയുടെ ഏതു പരിശ്രമത്തെയും സർവാത്മനാ പിന്തുണക്കാൻ ക്യൂബ സന്നദ്ധമായിരുന്നു. ഇതോടൊപ്പം, മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങളെയും സിപിഐ ബന്ധപ്പെട്ടിരുന്നു. ആയിടെ ഭിന്നിപ്പിനെ നേരിട്ട പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർന്നു മാറിയ രണ്ടു ഘടകങ്ങളോടും സിപിഐക്ക് സൗഹൃദബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയുടെ വിഭജനത്തിന് മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാൾ ഘടകത്തിൽ പ്രവർത്തിച്ചവരായിരുന്നു ബംഗ്ലാദേശിലെ പാർട്ടി സഖാക്കളിൽ ഭൂരിഭാഗവും. അവരിലേറെയും ഹിന്ദുക്കളുമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് കാര്യമായി വളർച്ച പ്രാപിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നു മാത്രമല്ല, പാകിസ്ഥാൻ ഭരണകൂടത്തിന്റെ കീഴിൽ ഭീകരമായ പീഡനം അനുഭവിക്കേണ്ടിയും വന്നിരുന്നു.

 


ഇതുകൂടി വായിക്കൂ: തലമുറകളെ പ്രചോദിപ്പിച്ച റഷ്യൻ വിപ്ലവം


 

ഈ പ്രശ്നത്തിലെ സിപിഐഎമ്മിന്റെ നിലപാടായിരുന്നു ഏറെ കൗതുകരം. ഇന്ത്യ- സോവിയറ്റ് ഉടമ്പടി യുടെ അടിസ്ഥാനത്തിൽ ‘സമാധാനപരമായ സഹവർത്തിത്വം’ എന്ന സിദ്ധാന്തം സോവിയറ്റ് യൂണിയൻ ഇന്ത്യയുടെ പുറത്ത് അടിച്ചേല്പിക്കുമെന്നും, അതുമൂലം ഇന്ത്യയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതെ വരുമെന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറി പി സുന്ദരയ്യ പരിഹസിച്ചു. പിന്നീട്, ഇന്ത്യ സൈനിക നടപടി ആരംഭിച്ചപ്പോൾ സിപിഐ(എം) അഭിപ്രായപ്പെട്ടത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കും എന്നായിരുന്നു!

ബംഗ്ലാദേശ് ജനത ക്രൂരമായി ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്ത നാളുകളിൽ, ഗവണ്മെന്റിനെ നിശിതമായി വിമർശിക്കാൻ സിപിഐ മടികാട്ടിയില്ല. “Intel­lec­tu­al­ly ster­ile and ide­o­log­i­cal­ly des­ti­tute” എന്ന് ഇന്ത്യയുടെ ബംഗ്ലാദേശ് നിലപാടിനെ വിമർശിച്ചു കൊണ്ട് ജൂലൈ മാസത്തിൽ ലോക്‌സഭയിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തു കൊണ്ട് പ്രൊഫ. ഹിരൺ മുഖർജി പ്രസംഗിച്ചു.. 1971 ഒക്ടോബർ മാസത്തിൽ കൊച്ചിയിൽ ചേർന്ന സിപിഐ യുടെ ഒൻപതാം കോൺഗ്രസിലും ബംഗ്ലാദേശിന്റെ എത്രയും പെട്ടെന്നുള്ള വിമോചനത്തിന് വേണ്ടി ശബ്ദമുയർന്നു.

ഇന്ത്യയിൽ ജനസംഘവും സ്വതന്ത്രാ പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തിൽ അമേരിക്കയോടുള്ള പക്ഷപാതിത്വം ഒരിക്കലും മറച്ചു വെക്കാത്ത സ്വതന്ത്രാ പാർട്ടി നേതാവും എംപിയുമായ പീലു മോഡിയുമുണ്ടായിരുന്നു. ‘ഞാൻ ഒരു സിഐഐ ഏജന്റാണ്’ എന്ന ബോർഡ് കഴുത്തിൽ തൂക്കിയിട്ടുകൊണ്ട് പാർലമെന്റിൽ വരാൻ ധൈര്യം കാട്ടിയിട്ടുള്ള പീലു മോഡി, ഒരുദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഇന്ദ്രജിത് ഗുപ്തയെ പാർലമെന്റിൽ വെച്ചുകണ്ടപ്പോൾ ചോദിച്ചു.

“നിങ്ങളുടെ കപ്പലുകൾ എവിടെയെത്തി?”

സോവിയറ്റ് യൂണിയന്റെ യുദ്ധക്കപ്പലുകളെ ആണ് പീലു മോഡി ഉദ്ദേശിക്കുന്നത് എന്നു മനസിലാക്കിയ ഇന്ദ്രജിത് ഉടൻ തന്നെ മറുപടി നൽകി.

“എവിടെയാണോ അവ ഉണ്ടാകേണ്ടത്, അവിടെത്തന്നെ!”

ഇന്ത്യയെ വിരട്ടാനായി അമേരിക്ക ഏഴാം കപ്പൽപ്പടയുടെ ഭാഗമായ US enter­prise നെ ബംഗാൾ ഉൾക്കടൽ ലക്ഷ്യമാക്കി അയച്ചപ്പോൾ സോവിയറ്റ് യൂണിയന്റെ ആണവ മിസൈൽ ഘടിപ്പിച്ച കപ്പൽ വ്യൂഹങ്ങൾ അതിനെ പിന്തുടർന്നു. ഒട്ടും താമസിയാതെ യുഎസ് എന്റർപ്രൈസസ് പിൻവാങ്ങുകയും ചെയ്തു. ഇന്ത്യയുടെ അതിർത്തി ലംഘനവും വ്യാപനവും ഒരിക്കലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ചൈനയാകട്ടെ, സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ ഇന്ത്യ കരയിലും കടലിലും ആകാശത്തിലുമൊരുപോലെ അതിഗംഭീരമായി മുന്നേറുന്നതും തിരിച്ചടിക്കാൻ കഴിയാതെ പാകിസ്ഥാൻ ആയുധം വച്ചു കീഴടങ്ങുന്നതും മുറുമുറുപ്പോടെ കണ്ടിരിക്കുക മാത്രമാണ് ചെയ്തത്.

 


ഇതുകൂടി വായിക്കൂ: ഇന്ത്യ ‑റഷ്യ ഉച്ചകോടി മുന്നോട്ടുവയ്ക്കുന്ന സന്ദേശം


ചരിത്രം രചിച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം ഇന്ദിരാഗാന്ധി ഭൂപേശ് ഗുപ്തയെ ഒരു കാര്യമറിയിച്ചു. പാകിസ്ഥാൻ തകർന്നു തരിപ്പണമാകുന്നതിലേക്കോ, ലോകത്തിന്റെ മുമ്പാകെ ആ രാജ്യം അപമാനിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കോ ഒരിക്കലും ഈ വിജയം കൊണ്ടുചെന്നെത്തിക്കാൻപാടില്ല എന്ന കാര്യത്തിൽ തനിക്ക് ഉറച്ച നിലപാടുണ്ടായിരുന്നു. അതു പറയുമ്പോൾ ചർച്ചിലിനെയാണ് ഇന്ദിര ഉദ്ധരിച്ചത്. — In defeat defi­ance, in tri­umph magnanimity!

“മഹത്തായ വിജയത്തിന്റെ പേരിൽ ഇന്ന് പ്രശംസ കൊണ്ടു മൂടുന്നവർ തന്നെ യുദ്ധത്തിന്റെ പരിണിത ഫലമായി നാളെ വില കുതിച്ചുയരുമ്പോൾ ശാപവചനങ്ങൾ ചൊരിയാൻ മടിക്കില്ലെന്ന് ഇന്ദിര അന്ന് പ്രസംഗിച്ചു. പ്രവചന സ്വഭാവമുള്ള വാക്കുകൾ! ”

ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തിന്റെ യഥാർത്ഥ ശില്പികളെ തമസ്കരിക്കുകയും തങ്ങൾക്ക് ഒരു പങ്കുമില്ലാത്ത നേട്ടങ്ങളുടെ പോലും ഖ്യാതി അവകാശപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. സുവർണജൂബിലി ആഘോഷിക്കുന്ന ബംഗ്ലാദേശിന്റെ വിമോചനം സിപിഐയുടെ ചരിത്രത്തിലെ അഭിമാന മുഹൂർത്തങ്ങളിലൊന്നാണ്. ഒരു ജനതതിയുടെ വിമോചനത്തിനും ഉയിർത്തെഴുന്നേല്പിനും വേണ്ടിയുള്ള ആ ഐതിഹാസിക പോരാട്ടത്തിന്റെ വിജയത്തിനായി അന്ന് കമ്മ്യൂണിസ്റ്റ്പാർട്ടി നടത്തിയ ചരിത്രദൗത്യത്തെ കുറിച്ച് ആരുമൊരിക്കലും മറക്കാൻ പാടില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഈ എഴുത്ത്.

മുഖ്യ അവലംബം: മൊഹിത് സെന്നിന്റെ ആത്മകഥയായ ‘A Trav­eller and the Road: The jour­ney of an Indi­an Communist’.

(അവസാനിച്ചു)

Exit mobile version