കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് അല്ലാതെ മറ്റൊരു മണ്ഡലം കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ നിശബ്ദനായിരുന്നു രാഹുല്‍ഗാന്ധിയും യുഡിഎഫും. കാര്യങ്ങള്‍ മൂടിവച്ച് വോട്ട് വാങ്ങി വിജയിച്ചശേഷം രാജിവച്ച് പോകുന്നത് വഞ്ചനയാണ്. ഈ വഞ്ചനയാണ് വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. പറയുന്നത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. രാഹുല്‍ ഗാന്ധിയുടെ വാഗ്ദാന ലംഘനം ജനപ്രതിനിധിയില്ലാത്ത ദുരവസ്ഥയിലേക്ക് വയനാടിനെ തള്ളിയിട്ടു. ജനതയുടെ കാര്യങ്ങള്‍ പറയാനും വേണ്ടത് നേടിയെടുക്കുന്നതിനും ജനപ്രതിനിധിയില്ലാതെയായി. ജനകീയ പ്രശ്നങ്ങള്‍ പഠിക്കുന്നതിനു പകരം അവ കൂട്ടിവച്ച് കൂനതീര്‍ത്ത് രാജിവച്ചുപോയി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പേ സഹോദരിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിവാക്കിയതിന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണമെന്ന് ജനയുഗത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.
വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എംപിമാരുടെ ഉദാസീനത ?
വയനാടിന്റെ പ്രശ്നങ്ങള്‍ യൂണിയന്‍ സര്‍ക്കാരുമായി ഇടപെട്ട് പരിഹരിക്കപ്പെടേണ്ടതാണ്. രാത്രിയില്‍ സഞ്ചാരം നിഷേധിക്കുമ്പോള്‍ കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാകുന്ന നഷ്ടം കേവലം കണക്കുകള്‍ക്ക് അപ്പുറമാണ്. കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്നു. കോടതിയുടെ ചോദ്യത്തിന് രാത്രി സഞ്ചാരത്തിന് അനുമതി ഇല്ല എന്നു തന്നെയായിരുന്നു കര്‍ണാടകയുടെ മറുപടി. വേണ്ടത് രാഷ്ട്രീയ ഇടപെടലാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍. ആ പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഇതിന് പരിഹാരം കണ്ടെത്താനാകും. എന്നാല്‍ അവര്‍ ശ്രമിക്കുന്നില്ല.
വന്യമൃഗ കടന്നാക്രമണങ്ങള്‍ക്ക് വനം സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണം. മാനന്തവാടിയും ബത്തേരിയും അടക്കം വയനാടന്‍ പട്ടണങ്ങള്‍ വന്‍നഗരങ്ങളുടെ നിലവാരത്തിലേക്ക് വളര്‍ന്നെങ്കിലും വന്യമൃഗാക്രമണം അവസാനിക്കുന്നില്ല. വിവിധ ഘട്ടങ്ങളില്‍ 200ഓളം മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കേന്ദ്ര വനം-വന്യജീവി നിയമത്തില്‍ ഭേദഗതി വേണം.
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനുള്ളത് ?
വയനാട് ആത്യന്തികമായി കാര്‍ഷിക മേഖലയാണ്. ജനതയുടെ ഭൂരിപക്ഷവും കൃഷിയെ ആശ്രയിക്കുന്നു. ഇവിടെ ക്ഷീര കര്‍ഷകരും ഏറെയാണ്. തുറന്ന വിപണികളും നിയന്ത്രണങ്ങളില്ലാത്ത ഇറക്കുമതിയും കര്‍ഷകരുടെ നിലനില്പുപോലും ഇല്ലാതാക്കുന്നു. പാലും പാലുല്പന്നങ്ങളും വിദേശത്തുനിന്നും നിര്‍ബാധം ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രം ഭരിക്കുന്നവരുടെ ഉദാര നിലപാട് ക്ഷീരമേഖലയെ പിന്നോട്ടടിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്, കാലാകാലങ്ങളായി കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് — ബിജെപി സര്‍ക്കാരുകളുടെ കര്‍ഷകരെ മറന്നുളള സമീപനമാണ് കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് വഴിയായത്. ഇറക്കുമതി നയങ്ങളില്‍ മാറ്റമുണ്ടാകണം. നയസമീപനങ്ങളിലും. സ്വന്തം ജനതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എംപിമാരടക്കമുള്ളവര്‍ക്ക് വലിയ സമ്മര്‍ദശക്തിയായി മാറാന്‍ കഴിയണം. യൂണിയന്‍ ഭരണ നേതൃത്വവും കോണ്‍ഗ്രസും എല്ലാം ആഗോളീകരണ വക്താക്കളാകുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി പറയാന്‍ കഴിയില്ല.
ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രനിലപാട് ?
ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ട വയനാടിന് ഇനിയും കേന്ദ്ര സഹായം ലഭ്യമായില്ല. ജനപ്രതിനിധിയുടെ അഭാവം ദര്‍ശിച്ചതായിരുന്നു ഈ ദുരന്തവേള. ചുരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 300ലധികം മനുഷ്യരാണ്. മാനവരാശി ആകെ വിറങ്ങലിച്ച ദുരിതത്തില്‍ വയനാടിനുവേണ്ടി ശബ്ദിക്കാന്‍ ഒരു ജനപ്രതിനിധിയുണ്ടായില്ല. എല്ലാ തലങ്ങളിലും ജനപ്രതിനിധിയുടെ അസാന്നിധ്യം പ്രകടമായിരുന്നു. വയനാടന്‍ ജനതയുടെ ആവശ്യങ്ങള്‍ക്കായി സംസാരിക്കാന്‍ ജനപ്രതിനിധിയില്ല എന്നത് സൃഷ്ടിക്കപ്പെട്ട മറ്റൊരു ദുരന്തമാണ്. ഇത്തരം വിഷയങ്ങളില്‍ സംസാരിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല.
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വവും ബിജെപിയുടെ നിലപാടുകളും ?
യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രെ എന്തിനാണ് 170 കോടി ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ നല്‍കിയത്. എന്തായിരുന്നു ഡീല്‍. വയനാടന്‍ ജനതയുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. സംവാദങ്ങള്‍ക്ക് അവര്‍ തയ്യാറുമല്ല. രാഷ്ട്രീയം ചര്‍ച്ച ചെയ്യില്ല എന്നാണ് പറയുന്നത്. ഇങ്ങനെ പറഞ്ഞ് ഒളിച്ചോടാന്‍ കഴിയില്ല.
ബിജെപിയുടെ അജണ്ടയും തിരിച്ചറിയേണ്ടതാണ്. സംസ്ഥാന പ്രസിഡന്റ് മത്സരിച്ചിടത്താണ് ദുര്‍ബലയായൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കടംതീര്‍ത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകളിലടക്കം പരസ്പരം സഹകരിച്ചവരുടെ ഐക്യം ജനങ്ങള്‍ക്ക് ബോധ്യമാകുന്നുമുണ്ട്.
ഏകപക്ഷീയമായ വിജയമെന്ന അവകാശവാദത്തെക്കുറിച്ച് ?
ഏകപക്ഷീയമായ വിജയം അപ്രാപ്യമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് വലതുപക്ഷ തെരഞ്ഞെടുപ്പു കങ്കാണിമാര്‍ ആറുലക്ഷത്തിന്റെയൊക്കെ ഭൂരിപക്ഷ കണക്കുകള്‍ പറയുന്നത്. ഇടതുപക്ഷത്തിന് ശക്തമായ രാഷ്ട്രീയ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ് വയനാട്. ഏഴ് അംസംബ്ലി മണ്ഡലങ്ങളില്‍ ഏറനാട് ഒഴികെ മറ്റിടങ്ങളില്‍ ഇടതുപക്ഷം വിവിധ കാലങ്ങളില്‍ വിജയക്കൊടി ഉയര്‍ത്തിയിട്ടുള്ളതുമാണ്. ഏറനാട് ഇടതുപക്ഷ വോട്ടുവിഹിതം വര്‍ധിച്ചുതന്നെയാണ് വരുന്നതും. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭുരിപക്ഷം 21,000 വോട്ടില്‍ താഴെയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മില്‍ വലിയ അന്തരമില്ല. ശാക്തിക ബലാബലത്തിൽ രാഷ്ട്രീയമായി എൽഡിഎഫ് കരുത്തുള്ള പ്രസ്ഥാനമാണ്. ആ കരുത്തിലൂടെ തങ്ങൾ ജയിച്ചു വരും. പാരമ്പര്യം പറഞ്ഞും പണക്കൊഴുപ്പിലൂടെയും എക്കാലവും ജനങ്ങളെ കബളിപ്പിക്കാനാകില്ല.
പുതിയ തലമുറ വോട്ടര്‍മാര്‍ ?
പുതിയ തലമുറയില്‍ രാഷ്ട്രീയത്തെ സാകൂതം കാണുന്നവര്‍ ധാരളമുണ്ട്. അതുകൊണ്ടുതന്നെ അവരുമായി സംവദിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്. അവരില്‍ വലിയൊരു മാറ്റം പ്രകടമാണ്. നാടിനൊപ്പം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നൊരു ജനപ്രതിനിധിയെ വേണമെന്ന യുവജനതയുടെ ആവശ്യം ഉച്ചത്തില്‍ ഉയരുന്നുണ്ട്. വര്‍ത്തമാന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ രൂപപ്പെടുന്നതാണത്.
നഞ്ചന്‍കോട് മൈസൂര്‍ റെയില്‍പാതയ്ക്കായുള്ള മുറവിളി നിരവധി പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ജനങ്ങളെ മുന്‍നിര്‍ത്തി ഓരോ ഘട്ടവും വിശദീകരിച്ച് വിവിധ ഇടങ്ങളില്‍ ആവശ്യം നേടിയെടുക്കുന്നതുവരെ പോരാട്ടം നടക്കണം. പറഞ്ഞുനിര്‍ത്തിയ സത്യന്‍ മൊകേരി പിന്നെ തിരക്കിട്ട പ്രചരണ പരിപാടിയിലേക്ക്.