Site icon Janayugom Online

ഒരു പ്ലാറ്റിനം നാണയം കൊണ്ട് കടബാധ്യത തീര്‍ക്കാനൊരുങ്ങി യുഎസ്

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വായ്പാപരിധി ഉയര്‍ത്താനുള്ള പ്രമേയത്തില്‍ എതിര്‍കക്ഷിയുമായി തര്‍ക്കത്തിലാകുന്നത് അമേരിക്കയില്‍ പതിവാണ്. സര്‍ക്കാര്‍ ചെലവുകളുടെ നടത്തിപ്പിന് വേണ്ടി വായ്പാ പരിധി ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്മാര്‍ വിസമ്മതിച്ചാല്‍ ഒരു പ്ലാറ്റിനം നാണയം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം എന്ന ആശയം ഉരുത്തിരിഞ്ഞത് ഡെമോക്രാറ്റിക് പാളയത്തിലാണ്. ബരാക് ഒബാമയുടെ കാലത്തും സമാനമായ ആശയം ഉയര്‍ന്നുവന്നിരുന്നു. ഡിസംബര്‍ മാസം വരെ സര്‍ക്കാര്‍ ചെലവുകള്‍ക്ക് പണം അനുവദിക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്. ഈ സമയപരിധിക്ക് ശേഷം കടബാധ്യത തീര്‍ക്കുന്നതിനായി ഒരു ട്രില്യണ്‍ ഡോളറിന്റെ പ്ലാറ്റിനം നാണയം നിര്‍മ്മിക്കാനുള്ള ആശയവുമായി ജോ ബൈഡന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയേക്കും. 

സര്‍ക്കാര്‍ ചെലവുകള്‍ക്കായി കടം വാങ്ങാവുന്ന തുകയുടെ പരിധി കോണ്‍ഗ്രസാണ് നിശ്ചയിക്കുക. 1990കളില്‍ ഇത് നാല് ലക്ഷം കോടി ഡോളറായിരുന്നു. 2021 ഓഗസ്റ്റ് മാസത്തില്‍ മൊത്തം കടബാധ്യത 28.4 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. എന്നാല്‍ മൂന്നര ലക്ഷം കോടി ഡോളറിന്റെ സാമൂഹിക ക്ഷേമപദ്ധതികള്‍ നടപ്പാക്കാനാണ് ബൈഡന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സര്‍ക്കാരിന്റെ വാ.യ്പാപരിധി ഉയര്‍ത്താതെ തന്നെ ഒരു ലക്ഷം കോടി ഡോളറിന്റെ പ്ലാറ്റിനം നാണയം നിര്‍മ്മിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് തുക വായ്പ വാങ്ങാനാണ് ഡെമോക്രാറ്റുകള്‍ നിര്‍ദ്ദേശിക്കുന്നത്.

സ്വര്‍ണം, വെള്ളി നിക്ഷേപങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. റിപ്പബ്ലിക്കന്മാര്‍ എതിര്‍ത്താലും പ്ലാറ്റിനം നിക്ഷേപത്തിന് സര്‍ക്കാരിന് അനുമതിയുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സമ്പദ്ഘടന ഇടിഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ ബൈഡന്‍ പ്രഖ്യാപിച്ച പാക്കേജ് സാമ്പത്തിക മേഖലയ്ക്ക് കരുത്തുപകരുകയും പ്രകടമായ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തിരുന്നു. പ്ലാറ്റിനം നാണയം നിര്‍മ്മിച്ച് ഭീമമായ തുക വായ്പയെടുക്കുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത വിധം വിലക്കയറ്റം ഉണ്ടായേക്കുമെന്ന ആശങ്ക പലരും ഉയര്‍ത്തുന്നുണ്ട്.

ENGLISH SUMMARY:The U.S. is ready to pay off its debt with a plat­inum coin
You may also like this video

Exit mobile version