Site iconSite icon Janayugom Online

റഷ്യ ചെെനയുടെ സെെനിക സഹായം തേടിയതായി യുഎസ്

ഉക്രെയ്‍നെതിരായ യുദ്ധത്തില്‍ റഷ്യ ചെെനയുടെ സെെനിക സഹായം തേടിയിരുന്നതായി യുഎസ് ആരോപണം. യുഎസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടെെംസാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഏത് തരത്തിലുള്ള ആയുധങ്ങള്‍ക്കായാണ് റഷ്യ ചെെനയെ സമീപിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മറികടക്കാന്‍ സാമ്പത്തിക സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ചെെനീസ് ബാങ്കുകളുമായി അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകള്‍ക്കായി റഷ്യ ധാരണയായെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ യുഎസിന്റെ വാദം ചെെനയും റഷ്യയും നിഷേധിച്ചു. വാസ്‍തവ വിരുദ്ധമായ വാര്‍ത്തകളാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആയുധങ്ങള്‍ തേടിയെന്ന കാര്യം കേട്ടിട്ടുപോലുമില്ലെന്നും ചെെനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യു പറഞ്ഞു. സംഘർഷാവസ്ഥ രൂക്ഷമാകുകയോ നിയന്ത്രണാതീതമാകുകയോ ചെയ്യുന്നത് തടയുക എന്നതാണ് നിലവിലുള്ള മുന്‍ഗണന. സംയമനം പാലിക്കാനും വൻതോതിലുള്ള മാനുഷിക പ്രതിസന്ധി തടയാനുമാണ് ചൈന ആവശ്യപ്പെടുന്നതെന്നും പെന്‍ഗ്യു വ്യക്തമാക്കി. 

ഉക്രെയ്ൻ വിഷയത്തിൽ ചൈനയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണ്, സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ചൈന ക്രിയാത്മകമായ പങ്ക് വഹിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാനും പ്രതികരിച്ചു. ചെെനയുടെ സഹായമില്ലാതെ ഉക്രെയ്‍ന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സെെനിക സന്നാഹം റഷ്യക്കുണ്ടെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‍കോവും പറഞ്ഞു.
സെെനിക നടപടി തുടരാൻ റഷ്യക്ക് അതിന്റേതായ സ്വതന്ത്ര ശേഷിയുണ്ട്. നേരത്തെ പ്രസ്താവിച്ചതു പോലെ നടപടികള്‍ കൃത്യസമയത്തും പൂർണ്ണമായും പൂർത്തിയാക്കുമെന്നും പെസ്‍കോവ് വ്യക്തമാക്കി. 

Eng­lish Summary:The U.S. says Rus­sia has sought Chi­na’s mil­i­tary assistance
You may also like this video

Exit mobile version