ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ക്വാഡ് രാഷ്ട്ര നേതാക്കള്‍. ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ജനാധിപത്യ മൂല്യങ്ങളും സംയോജിപ്പിച്ച് സഖ്യത്തെ ഊർജസ്വലവും സുപ്രധാനവുമായ ചട്ടക്കൂടാക്കി മാറ്റുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ആഗോള രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണമായെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. ഈ നൂറ്റാണ്ടിന്റെ ഭൂരിഭാഗവും ഇന്തോ- പസഫിക് മേഖലയിലെ സംഭവവികാസങ്ങളെ ആശ്രിയിച്ചായിരിക്കും രൂപപ്പെടുകയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും വേഗത്തില്‍ വികസനങ്ങളും വളര്‍ച്ചയും സംഭവിക്കുന്ന മേഖലയാണ് ഇന്തോ-പസഫിക്ക്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ മൂന്നില്‍ രണ്ട് ഭാഗവും ലോക ജനസംഖ്യയുടെ പകുതിയോളവും ഇന്തോ-പസഫിക്കിന്റെ സംഭാവനയാണെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. ഉക്രെയ്‍ന്‍ പ്രതിസന്ധികള്‍ക്കിടയിലും യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത് ഇന്തോ-പസഫിക് മേഖലയിലാണെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ഉക്രെയ്‍നെതിരായുള്ള റഷ്യന്‍ അധിനിവേശം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളെയും നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. ഉത്തര കൊറിയയില്‍ സമ്പൂർണ ആണവ നിരായുധീകരണം നടപ്പിലാക്കാന്‍ സഖ്യം പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, ക്വാഡ് സഖ്യം ചൈനയുടെ ഉയർച്ച തടയുന്നതിനുള്ള ഉപകരണമാണെന്നും ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്ന മനഃപൂർവമായ നീക്കമാണ് സഖ്യം നടത്തുന്നതെന്നും ചെെന വിമര്‍ശനമുന്നയിച്ചു. ചൈനയെ ഉൾക്കൊള്ളാൻ ലക്ഷ്യമിട്ട് സഖ്യമുണ്ടാക്കാനുള്ള ഏതൊരു ശ്രമവും ജനകീയമാകില്ലെന്നും അത്തരം നീക്കങ്ങൾ പരാജയപ്പെടുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. ഉക്രെയ്ന്‍ പ്രതിസന്ധി, അഫ്ഗാനിസ്ഥാന്‍, ഇന്തോ-പസഫിക് മേഖലയിലെ ചെെനീസ് ആധിപത്യ ശ്രമങ്ങള്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ക്വാഡ് രാഷ്ട്ര നേതാക്കള്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നാലാംവട്ട കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച നടത്തി. കോവിഡ് വാക്‌സിൻ വിതരണം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം , സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച നടത്തിയത്. 2022 അവസാനത്തോടെ ഇന്തോ-പസഫിക് മേഖലയിലേക്ക് 100 കോടി ഡോസ് വാക്സിനുകൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം മാർച്ചിലാണ് ക്വാഡ് വാക്സിൻ പങ്കാളിത്തം പ്രഖ്യാപിച്ചത്.
english summary;The US. says the formation of the century depends on the Indo-Pacific region
you may also like this video;