Site iconSite icon Janayugom Online

തോക്ക് നിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസാക്കി

PIstolPIstol

രാജ്യത്ത് തോക്കുപയോഗിച്ചുള്ള അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ യുഎസ് സെനറ്റ് തോക്ക് നിയന്ത്രണ ബില്‍ പാസാക്കി. 28 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത്. ഭരണകക്ഷിയായ ഡെമോക്രാറ്റ്‌സിനൊപ്പം 15 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്ലില്‍ അനുകൂല നിലപാടെടുത്തു.
33നെതിരെ 65 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സെനറ്റിലെ അപ്പര്‍ ചേംബര്‍ ഓഫ് കോണ്‍ഗ്രസില്‍ പാസായ ബില്‍ ഇനി ജനപ്രതിനിധി സഭയില്‍ കൂടി പാസാകണം. ഇതിന് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ ബില്ലില്‍ ഒപ്പ്‍വയ്ക്കുന്നതോടെ നിയമമാകും.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിന് യുഎസില്‍ നിയന്ത്രണമുണ്ടാകും. 1994ലായിരുന്നു യുഎസില്‍ തോക്ക് നിയമം നിലവില്‍വന്നത്.
പൊതു സ്ഥലങ്ങളില്‍ കൈ­ത്തോക്ക് കൊണ്ടുനടക്കാനുള്ള പ്രാഥമികമായ അവകാശം അമേരിക്കയിലെ ജനങ്ങള്‍ക്കുണ്ടെന്ന് യുഎസ് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു സെനറ്റില്‍ ബില്‍ പാസായത്. തോക്ക് സ്വന്തമാക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ അഭിഭാഷകരുടെ വാദത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി.
വീടിന് പുറത്ത് കെെത്തോക്ക് കൊണ്ടുനടക്കണമെങ്കില്‍ പ്രത്യേകം അനുമതി വാങ്ങണമെന്നും തോക്ക് കെെവശം വയ്ക്കുന്നതിന്റെ കാരണം തെളിയിക്കണമെന്നുമുള്ള ന്യൂയോര്‍ക്ക് തോക്കുനിയമത്തിന് വിരുദ്ധമാണ് നിലവിലെ വിധി. കോടതിവിധിയെ തള്ളി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഭരണഘടനയ്ക്കും സാമാന്യ ബോധത്തിനും വിരുദ്ധമാണ് വിധിയെന്നും തോക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടുമുള്ള അമേരിക്കക്കാര്‍ ശബ്ദമുയര്‍ത്തണം എന്നും ബെെഡന്‍ പറ‍ഞ്ഞു.
വിധി രാജ്യത്തെ നല്ലവരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിജയമാണെന്നും പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിന്റെ ഫലമാണെന്നുമായിരുന്നു റെെഫിള്‍ അസോസിയേഷന്റെ പ്രതികരണം.
തോക്ക് നിര്‍മ്മാണ കമ്പനികള്‍ക്ക് യുഎസില്‍ കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 2005ലാണ് ഈ നിയമം നിലവില്‍ വന്നത്. യുഎസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: The U.S. Sen­ate has passed a gun con­trol bill

You may like this video also

Exit mobile version