Site iconSite icon Janayugom Online

ഉക്രെയ്ന്‍ — റഷ്യ സംഘര്‍ഷം ഒരു വര്‍ഷം നീണ്ടുനിന്നേക്കും

റഷ്യന്‍ സെെനിക നടപടി ആറ് മാസം പിന്നിടുമ്പോള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തയാറായേക്കില്ലെന്ന് വിലയിരുത്തല്‍. യുദ്ധം ഒരു വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കിമെന്നാണ് പ്രവചനം. എ­ന്നാല്‍ ക്രമേണ സംഘര്‍ഷത്തിന്റെ തീവ്രത കുറയും. റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയാണ് ഉക്രെയ്‍നിന്റെ പ്രധാന ലക്ഷ്യം. മറുവശത്ത് ഉക്രെയ്‍നിലൂടെ പാശ്ചാത്യ രാജ്യങ്ങളെയും കൂടിയാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇര്‍പിനിലുള്‍പ്പെടെ കൂട്ടക്കൊലയുടെ തെളിവുകള്‍ പുറത്തുവന്നിട്ടും ഇരുപക്ഷവും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ പ്രത്യാക്രമണ നിര ശക്തമാക്കുന്നതിനാണ് ഉക്രെയ്ന്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉക്രെയ്‍ന് ഫലപ്രദമായ പരമ്പരാഗത പ്രത്യാക്രമണ മാര്‍ഗങ്ങളില്ല. ദീര്‍ഘദൂര മിസെെലുകള്‍ ഉപയോഗിച്ച് റഷ്യന്‍ സെെനിക താവളങ്ങളില്‍ ആക്രമണം നടത്തുക എന്നതിലേക്ക് ഉക്രെയ്‍ന്‍ പ്രത്യാക്രമണ തന്ത്രം മാറ്റി. സെെനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് റഷ്യന്‍ ആക്രമണത്തിന്റെ ഫലപ്രാപ്തി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഉപദേഷ്ടാവ് മെെഖെെലോ പോഡോലിയാക് പറഞ്ഞിരുന്നു. അതുവഴി കേര്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ഉക്രെയ്‍ന്റെ ശ്രമം. പാശ്ചാത്യ സൈനിക സഹായമില്ലാതിരുന്നെങ്കില്‍ ഉക്രെയ്ൻ ഇതിനകം തന്നെ പരാജയപ്പെടുമായിരുന്നു. എന്നാൽ ഇതുവരെ ഒരു ഘട്ടത്തിലും പീരങ്കികളോ യുദ്ധവിമാനങ്ങൾ പോലുള്ള മറ്റ് ആയുധങ്ങളോ യുഎസ് ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ നല്‍കിയിട്ടില്ല.

അതേസമയം, മാനുഷിക ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണെന്നത് ഉക്രെയ്‍നെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. വന്‍തോതില്‍ ആക്രമണം നടത്തി ഉക്രെയ്‍ന്‍ നഗരങ്ങള്‍ പിടിച്ചടക്കുകയാണ് റഷ്യയുടെ പദ്ധതിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കിഴക്കന്‍ ഡോണ്‍ബാസില്‍ റഷ്യ പ്രയോഗിക്കുന്നതും ഇതേ യുദ്ധ തന്ത്രം തന്നെയാണ്. വന്‍തോതിലുള്ള ആക്രമണം റഷ്യയുടെ സെെനിക ശക്തിയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകള്‍ പ്രകാരം 15,000 റഷ്യന്‍ സെെനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. യുദ്ധത്തിന്റെ ആരംഭത്തില്‍ റഷ്യ പ്രതീക്ഷിച്ച മുന്നേറ്റം നേടിയില്ലെങ്കിലും ക്രമേണ കിഴക്കും തെക്കുമുള്ള ഉക്രെയ്‍നിയന്‍ പ്രദേശത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും പിടിച്ചെടുക്കാന്‍ റഷ്യക്കായി. ശീതകാലത്തിന്റെ ആരംഭം ഇരു പക്ഷങ്ങളെയും അപേക്ഷിച്ച് തന്ത്രപ്രധാനമായ കാലയളവാണ്. എന്നാല്‍ മാനുഷിക പ്രശ്നങ്ങള്‍ സംബന്ധിച്ച് ആശങ്കയാണ് ഉക്രെയ്‍ന്‍ മുന്നോട്ടുവയ്ക്കുന്നത്. ശീതകാലത്ത് കുടിയേറ്റത്തിന്റെ ഒരു പുതിയ തരംഗമുണ്ടാകുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. റഷ്യ ശൈത്യകാലത്തെ ഒരു അവസരമായാണ് കണക്കാക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉക്രെയ്‍ന്റെ ഇന്ധന മേഖലയെ ലക്ഷ്യമിട്ട് സപ്പോരീഷ്യ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം റഷ്യ നിര്‍ത്തലാക്കിയേക്കും. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയും ഇന്ധനയുദ്ധം നടത്താനാകും റഷ്യയുടെ നീക്കം.

Eng­lish Sum­ma­ry: The Ukraine-Rus­sia con­flict could last a year
You may also like this video

Exit mobile version